തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണപ്പരീക്ഷ (പാദവാര്‍ഷിക പരീക്ഷ) സെപ്റ്റംബര്‍ മൂന്ന് മുതൽ തുടങ്ങും. 12 വരെയാണ് പരീക്ഷകള്‍ നടക്കുക. മുസ്‌ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ടൈംടേബിള്‍ ബാധകമാണ്. 13 മുതല്‍ ഓണാവധി ആരംഭിക്കുമെങ്കിലും പരീക്ഷ ദിവസങ്ങളില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചാല്‍ അന്നത്തെ പരീക്ഷ 13ന് നടത്തേണ്ടതാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു.
സെപ്റ്റംബര്‍ മൂന്നിന് ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്കും, സെപ്റ്റംബര്‍ നാലിന് എല്‍.പി, യു.പി വിഭാഗങ്ങള്‍ക്കും പ്ലസ് ടുവിനും പരീക്ഷ ആരംഭിക്കും. ഹൈസ്‌കൂള്‍ തലം വരെ രാവിലെ 10 മുതല്‍ 12.15 വരെയും ഉച്ചക്ക് 1.30 മുതല്‍ 3.45 വരെയുമാണ് പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ചകളില്‍ പരീക്ഷ സമയം ഉച്ചകഴിഞ്ഞ് 2 മുതല്‍ 4.15 വരെ ആയിരിക്കും. പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് രാവിലെ 9.30നും ഉച്ചക്ക് ശേഷമുള്ള പരീക്ഷ 1.30നുമാണ് ആരംഭിക്കുക. പരീക്ഷക്ക് മുന്നോടിയായി 15 മിനിറ്റ് കൂള്‍ ഓഫ് ടൈം ആയും ക്രമീകരിച്ചിട്ടുണ്ട്.
ഹൈസ്കൂൾ പരീക്ഷകളാണ് മൂന്നിന് ആരംഭിക്കുക. യുപി, ഹയർ സെക്കൻഡറി രണ്ടാംവർഷ വിദ്യാർഥികൾക്ക് നാലിനും എൽപി വിഭാഗത്തിന് ആറിനും പരീക്ഷ തുടങ്ങും. ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികൾക്ക് ഓണപ്പരീക്ഷ ഉണ്ടാകില്ല.
ഒന്ന്, രണ്ട് ക്ലാസുകളിൽ സമയദൈർഘ്യമില്ല. പരീക്ഷാദിവസങ്ങളിൽ സർക്കാർ അവധിയുണ്ടെങ്കിൽ അന്നത്തെ പരീക്ഷ 13ന് നടത്തും.13ന് ഓണാവധിക്കായി സ്കൂൾ അടയ്‌ക്കും. 23ന് തുറക്കും. പത്ത് ദിവസം തന്നെയാണ് ഇക്കുറിയും ഓണം അവധി..