തിരുവനന്തപുരം: 2024ലെ പാരിസ് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പിആര്‍ ശ്രീജേഷിനെ ആദരിക്കാനൊരുങ്ങി സർക്കാർ. ശ്രീജേഷിന് രണ്ടു കോടി രൂപയാണ് സർക്കാർ പാരിതോഷികമായി നൽകുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ശ്രീജേഷിനെ ആദരിക്കുന്ന വലിയ ചടങ്ങായി നടത്താനാണ് സർക്കാരിന്റെ നീക്കം. ടീമിലെ മറ്റു അംഗങ്ങളേയും പങ്കെടുപ്പിച്ച് കൊണ്ടായിരിക്കും ചടങ്ങുകളെന്നാണ് വിവരം. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പോരില്‍ സ്‌പെയ്‌നിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ വെങ്കലം നേടിയത്. ആ മത്സരത്തില്‍ മാത്രമല്ല, ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനമായിരുന്നു ശ്രീജേഷ് പുറത്തെടുത്തത്. വിരമിക്കല്‍ പ്രഖ്യാപിച്ച ഗോള്‍ കീപ്പര്‍ ശ്രീജേഷിനെ കാത്തിരിക്കുന്നത് പരിശിലക പദവിയാണ്. ശ്രീജേഷിനെ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ മുഖ്യ പരിശീലകനാക്കിയേക്കും. പദവി ഏറ്റെടുക്കണമെന്ന് ഹോക്കി ഇന്ത്യ ശ്രീജേഷിനോട് ആവശ്യപ്പെടും. ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കം ആറ് മെഡലുമായാണ് ഇന്ത്യ പാരീസില്‍ നിന്ന് മടങ്ങിയത്. ടോക്കിയോയിലെ റെക്കോര്‍ഡിനൊപ്പമെത്താനോ സ്വര്‍ണമെഡല്‍ നേടാനോ ഇന്ത്യക്കായില്ല. മെഡല്‍ പട്ടികയില്‍ എഴുപത്തിയൊന്നാം സ്ഥാനത്താണ് ഇന്ത്യ.