ആറ്റിങ്ങലിൽ: മുക്കുപണ്ടം പണയം വച്ച് 15 ലക്ഷം രൂപ തട്ടിയെടുത്ത സംഘം അറസ്റ്റിൽ

ആറ്റിങ്ങലിൽ: മുക്കുപണ്ടം പണയം വച്ച് 15 ലക്ഷം രൂപ തട്ടിയെടുത്ത സംഘം അറസ്റ്റിൽ . ഒരു സ്ത്രീ ഉൾപ്പെടെ 3 പേരാണ് അറസ്റ്റിലായത് . 
ചിറയിൻകീഴ് അഴൂർ ശാസ്‌തവട്ടം തുന്നരികത്തു വീട്ടിൽ സിദ്ധിഖ് (35) , കൊല്ലം ജില്ലയിൽ പരവൂർ പുത്തൻകുളം തൊടിയിൽ
വീട്ടിൽ വിജി(30) , ആറ്റിങ്ങൽ മങ്കാട്ടുമൂല കോളനി, ആതിര ഭവനിൽ അജിത് (29) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്‌തത്‌ .

ചെമ്പ് - വെള്ളി ആഭരണങ്ങളിൽ ആകെ തൂക്കത്തിൻറെ 10 മുതൽ 15 ശതമാനം വരെ സ്വർണ്ണം പൂശി സ്വർണ്ണാഭരണമെന്ന് പ്രാഥമിക
പരിശോധനയിൽ ധനകാര്യസ്ഥാപനങ്ങളെ ബോധിപ്പിച്ച് പണയം വച്ച് പണം തട്ടുകയാണ് സംഘത്തിൻറെ രീതിയെന്ന് പോലീസ് പറഞ്ഞു .

ആറ്റിങ്ങൽ ആലംകോട് വൃന്ദാവൻ ഫാനൻസിയേഴ്‌സിൽ 2024 ജനുവരി മുതൽ 2024 ജൂലൈ വരെയുള്ള കാലയളവിൽ ഏകദേശം 50
പവനോളം സ്വർണ്ണം, വ്യാജമായി നിർമ്മിച്ച ആധാർ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് , ഉത്തരേന്ത്യക്കാരുടെ പേരിലെടുത്ത മൊബൈൽ കണക്ഷൻ എന്നിവ ഉപയോഗിച്ച് പണയം വച്ച് 15 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് മൂവർ സംഘം ഇപ്പോൾ പിടിയിലായത് . 

ബാഗ്ലൂർ സ്വദേശിയിൽ നിന്നാണ് ഇവർ സ്വർണ്ണം പൂശിയ ആഭരണങ്ങൾ വാങ്ങി വന്നിരുന്നത്. ഹാൾ മാർക്കും 916 അടയാളവും പതിപ്പിച്ചിട്ടുള്ള ഈ
ആഭരണങ്ങൾ സാധാരണ രീതിയിൽ അപ്രൈസർമാർ പരിശോധിച്ചാൽ മനസ്സിലാകില്ല. വളരെ നല്ല രീതിയിൽ വേഷവിധാനം ചെയ്‌ത്‌ കളവായ
വിവരങ്ങൾ പറഞ്ഞ് സ്ത്രീകൾ മാനേജർമാരായി ഇരിക്കുന്ന സ്ഥാപനങ്ങളെയാണ് സംഘാംഗങ്ങൾ ലക്ഷ്യം വയ്ക്കുന്നതത്രെ .

വൃന്ദാവൻ ഫൈനാൻസിനു പുറമെ മറ്റു ചില ധനകാര്യ സ്ഥാപനങ്ങളിലും പ്രതികൾ പണയം വച്ചിട്ടുള്ളതായി സൂചനയുണ്ട് .കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് പറഞ്ഞു . 

ആറ്റിങ്ങൽ ഡി വൈ എസ് പി എസ്. മഞ്ജുലാലിൻറെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ എസ് എച്ച് ഒ ഗോപകുമാറിൻറെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌ത പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി.