തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് മറ്റൊരു കൂറ്റൻ മദർഷിപ്പ് കൂടി എത്തും. ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനികളിലൊന്നായ എം.എസ്.സിയുടെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ ഡെയ്ല എന്ന കണ്ടെയ്നർ കപ്പലാണ് ഈ മാസം 30 ന് വിഴിഞ്ഞം തുറമുഖ ബർത്തിൽ നങ്കൂരമിടുക.13,988 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള 51 മീറ്റർ വീതിയും 366 മീറ്റർ നീളവുമുള്ള വമ്പൻ കണ്ടെയ്നർ കപ്പലാണ് വിഴിഞ്ഞത്തേക്ക് എത്തുന്നതെന്ന് അധികൃതർ അറിയിച്ചു.കഴിഞ്ഞ മാസം 12 ന് വിഴിഞ്ഞത്തെത്തി മടങ്ങിയ സാൻ ഫെർണാണ്ടോ എന്ന മദർഷിപ്പാണ് വിഴിഞ്ഞത്ത് ഇതുവരെ എത്തിയതിൽ ഏറ്റവും വലിയ കപ്പൽ. 2500 കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തെത്തിയ സാൻ ഫെർണാണ്ടോയിൽ നിന്നും 1960 കണ്ടെയ്നറുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ വിഴിഞ്ഞത്ത് ഇറക്കിയത്. 30 ന് വിഴിഞ്ഞത്തെത്തുന്ന എം.എസ്.സി ഡെയ്ല എന്ന മദർഷിപ്പ് ആഫ്രിക്കയിൽ നിന്ന് മുംബൈ വഴിയാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. ആദ്യഘട്ട ഉദ്ഘാടനം അടുത്ത മാസം നടത്താനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടക്കുന്നതിന്‍റെ ഭാഗമായാണ് പരീക്ഷണാടിസ്ഥാനത്തിൽ തുറമുഖത്തിന്‍റെ ചരക്ക് നീക്കൽ ശേഷി ശക്തിപ്പെടുത്താനായി കണ്ടെയ്നറുകളുമായി കൂറ്റൻ മദർഷിപ്പുകളെ വിഴിഞ്ഞത്തേക്ക് എത്തിക്കുന്നത്.വിഴിഞ്ഞത്ത് ആദ്യഘട്ട കമ്മീഷൻ പൂർത്തിയാകുന്ന ഈ വർഷം തന്നെ അടുത്ത ഘട്ടവും തുടങ്ങും. അദാനി പൂർണ്ണമായും പണം മുടക്കുന്ന രണ്ടാം ഘട്ടം 2028ൽ തീർക്കും. 4 വർഷം കൊണ്ട് 9600 കോടിയുടെ നിക്ഷേപമാണ് കേരള തീരത്തേക്ക് വരുന്നത്. പക്ഷെ റോഡ് - റെയിൽ കണക്ടീവിറ്റിയാണ് പ്രശ്നം. തുറമുഖം മുന്നിൽ കണ്ടുള്ള റിംഗ് റോഡ് പദ്ധതികളും ഒന്നുമായില്ല. കമ്മീഷൻ ചെയ്ത് 15 ആം വർഷം മുതൽ ലാഭമെന്നാണ് കണക്ക്. അതിനിടെ വിഴിഞ്ഞം - നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിനായി പ്രത്യേക പാക്കേജ് അംഗീകരിച്ചതോടെ സംസ്ഥാനത്തിന്റെ പശ്ചാത്തല വികസന മേഖലയില്‍ വന്‍കുതിപ്പിന് കളമൊരുങ്ങിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഉള്‍പ്പെടെ ഇനി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇടപടുമെന്നും മന്ത്രി പറഞ്ഞു.