സ്കൂളില്‍ ചേർന്നതുമുതല്‍ 12 കഴിയുന്നതുവരെയുള്ള ആരോഗ്യ പരിശോധന ഉള്‍പ്പെടെയുള്ള വിവരങ്ങളെല്ലാം വിദ്യാഭ്യാസ വകുപ്പിനുകീഴില്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതാണ് പദ്ധതി. ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷനുമായി(ഐ.എം.എ.) ചേർന്നുള്ള പദ്ധതിക്ക് വിദ്യാഭ്യാസ വകുപ്പിനുകീഴിലെ കൈറ്റ് സാങ്കേതികസഹായം നല്‍കും.
ഒന്നുമുതല്‍ അഞ്ചുവരെ പ്രൈമറി, ആറുമുതല്‍ എട്ടുവരെ അപ്പർ പ്രൈമറി, എട്ടുമുതല്‍ 12 വരെ സെക്കൻഡറി എന്നിങ്ങനെ കുട്ടികളെ മൂന്നുവിഭാഗങ്ങളായി തിരിക്കും. വൈദ്യപരിശോധന, ദന്തപരിശോധന, നേത്രപരിശോധന, പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയവ പദ്ധതിയിലുണ്ടാവും. കൗമാരത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഡോക്ടർമാരുടെ നേതൃത്വത്തില്‍ ക്ലാസുകളുമുണ്ടാവും.
സമഗ്ര ആരോഗ്യ പരിപാടിയുടെ രൂപരേഖയുണ്ടാക്കാൻ വിദ്യാഭ്യാസ വകുപ്പും ഐ.എം.എ.യും ചേർന്ന് ശില്പശാല സംഘടിപ്പിച്ചു. മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഐ.എം.എ. സംസ്ഥാനപ്രസിഡന്റ് ഡോ. ജോസഫ് ബെനവൻ, ജോയന്റ് സെക്രട്ടറി ഡോ. ഉമ്മൻ വർഗീസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് എന്നിവരും സംസാരിച്ചു.