ചിറയിൻകീഴ്: കായലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചിറയിൻകീഴ് പുതുക്കരി കൂട്ടിൽ വീട്ടിൽ ശ്യാം അതുല്യ ദമ്പതികളുടെ ഏക മകൻ പ്രിൻസ് (13) ആണ് മരിച്ചത്. ചിറയിൻകീഴ് ശാർക്കര അരയതുരുത്തിയിൽ മൂന്നാറ്റുമുക്ക് ഭാഗത്ത് കായലിൽ ആണ് അപകടം ഉണ്ടായത്. രാവിലെ പത്തോടെ സുഹൃത്തുക്കൾക്കൊപ്പം കായൽ തീരത്ത് എത്തിയ ഇവർ ചൂണ്ട ഇട്ട് മീൻ പിടിച്ചു. തുടർന്ന് കായലിൽ ഇറങ്ങി നീന്തി. ഇതിനിടെ പ്രിൻസ് കായലിൽ താഴ്ന്ന് പോവുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന കുട്ടികൾ അറിയിച്ചതനുസരിച്ച് നാട്ടുകാർ ഇടപെടുകയും ഫയർഫോഴ്സിന്റെ സഹായം തേടുകയും ചെയ്തു. ആറ്റിങ്ങൽ ഫയർഫോഴ്സ് ഉടൻതന്നെ സ്ഥലത്ത് എത്തിയെങ്കിലും ചെളി കൂടുതൽ ഉള്ള പ്രദേശം ആയതിനാൽ കായലിൽ ഇറങ്ങുവാൻ കഴിഞ്ഞില്ല. തുടർന്ന് സ്കൂബാ സംഘത്തിൻറെ സഹായം തേടി. ഇതേ സമയം നാട്ടുകാർ കായലിൽ ഇറങ്ങി തിരച്ചിൽ തുടർന്നു. രണ്ടരയോടെയാണ് സ്കൂബ ടീം സ്ഥലത്തെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം ചെളിയിൽ പുതഞ്ഞ നിലയിൽ കണ്ടെടുത്തു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ചിറയിൻകീഴ് നോബിൾ ഗ്രൂപ്പ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു പ്രിൻസ്.