വിവിധ ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലുകളില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളുടെ വ്യക്തി വിവരങ്ങള്‍ കരസ്ഥമാക്കുന്ന തട്ടിപ്പ് സംഘം വ്യാജ തൊഴില്‍ വാഗ്ദാനം നല്‍കിയാണ് വിവിധ ഫീസ് ഇനത്തില്‍ എന്ന വ്യാജേന പണം തട്ടിയെടുക്കുന്നത്. വ്യക്തമായ ധാരണയും ജാഗ്രതയുമുണ്ടെങ്കില്‍ ഇത്തരം കെണിയില്‍പ്പെടാതെ രക്ഷനേടാം. ഇത്തരം ഓഫര്‍ ലെറ്റര്‍ ലഭിച്ചാല്‍ തൊഴില്‍ദാതാവിന്റെ ആധികാരികത നേരിട്ടോ അവരുടെ യഥാര്‍ത്ഥ വെബ്സൈറ്റ് പരിശോധിച്ചോ ഉറപ്പ് വരുത്തിയ ശേഷവും വിദേശ ജോലിയാണെങ്കില്‍ അതാത് രാജ്യത്തെ എമ്പസിയുമായോ നോര്‍ക്ക പോലെയുള്ള ഇന്ത്യന്‍ ഏജന്‍സികള്‍ വഴിയോ ഉറപ്പ് വരുത്തി മാത്രമേ അപേക്ഷയുമായി മുന്നോട്ട് പോകാവൂ. യാതൊരു കാരണവശാലും ഇത് ഉറപ്പ് വരുത്താതെ പണം അയച്ച് കൊടുക്കരുത്.
ഈ മെയില്‍ വഴിയുള്ള ഓഫര്‍ ലെറ്റര്‍
തട്ടിപ്പുകാര്‍ പ്രമുഖ കമ്പനികളുടെ പേരില്‍ വലിയ തുക ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ഇമെയിലില്‍ പലര്‍ക്കും ഓഫര്‍ ലെറ്ററുകള്‍ അയക്കും. ഇന്റര്‍വ്യൂവിനു ക്ഷണിക്കുന്ന് ഇവര്‍ യാത്രച്ചെലവ് കമ്പനി വഹിക്കുമെന്നും, ഉറപ്പിനു വേണ്ടി കോഷന്‍ ഡിപ്പോസിറ്റ് ആയി നിശ്ചിത തുക താഴെപ്പറയുന്ന ബാങ്ക് അക്കൗണ്ടില്‍ അടയ്ക്കണമെന്നും, ഇത് ഇന്റര്‍വ്യൂവിനു ശേഷം തിരികെ തരുന്നതായിരിക്കും എന്നൊക്കെ പറഞ്ഞ് വിശ്വസം നേടിയെടുക്കും. ഇത്തരത്തില്‍ വരുന്ന ഇമെയിലുകള്‍ വിശദമായി പരിശോധിച്ചാല്‍ തന്നെ തട്ടിപ്പു വ്യക്തമാകും. പലതിലും നിലവാരമില്ലാത്ത ഇംഗ്ലിഷും മോശം ലേഔട്ടുമായിരിക്കും. ഒരു കമ്പനിയും വെറുതെ വിവരങ്ങള്‍ ശേഖരിച്ച് ഓഫര്‍ ലെറ്റര്‍ അയയ്ക്കില്ല. കൃത്യമായ അപേക്ഷയുടെയും എച്ച്ആര്‍ പ്രോസസിങ്ങിന്റെയും അടിസ്ഥാനത്തിലേ നടപടികളുണ്ടാകൂ. വ്യാജന്‍മാരെ പേടിച്ചു ക്യൂആര്‍ കോഡ് പോലെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ ഓഫര്‍ ലെറ്ററില്‍ ഉള്‍പ്പെടുത്തിയ കമ്പനികളുമുണ്ട്. പ്രമുഖ കമ്പനികള്‍ സാധാരണ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കോഷന്‍ ഡിപ്പോസിറ്റ് ആവശ്യപ്പെടാറില്ല. ഓഫര്‍ ലെറ്ററില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ കമ്പനി അധികൃതരുമായി സംസാരിക്കുക.
സൈന്യത്തിലും റെയില്‍വേ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന വ്യാജ ഇടനിലക്കാര്‍ പണ്ടേ രംഗത്തുണ്ട്.സൈന്യത്തിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമെല്ലാം കൃത്യവും വ്യക്തവുമായ റിക്രൂട്ടിങ് രീതികളുണ്ട്. ഇടനിലക്കാര്‍ വഴി ജോലി കിട്ടാന്‍ സാധ്യതയില്ലെന്ന കാര്യം ഓര്‍ക്കുക.
'വീട്ടിലിരുന്നും ജോലി ചെയ്തു പണം നേടാം'
വീട്ടിലിരുന്നും ജോലി ചെയ്തു പണം നേടാമെന്ന പരസ്യത്തിലൂടെ തട്ടിപ്പു നടത്തുന്നവരുമുണ്ട് . ജോലി ചെയ്യിപ്പിച്ചു ശമ്പളം നല്‍കാതിരിക്കുന്നതും ശമ്പളം നല്‍കാനെന്ന വ്യാജേന ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തുന്നതുമെല്ലാം ഇവരുടെ രീതിയാണ്. ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കിടിയില്‍ പേരും അംഗീകാരവുമുള്ള സൈറ്റുകളെ മാത്രം ഓണ്‍ലൈന്‍ ജോലികള്‍ക്ക് ആശ്രയിക്കാന്‍ ശ്രദ്ധിക്കണം. എന്താണു ജോലി എന്ന കൃത്യമായ ബോധ്യവും വേണം.
വ്യാജ സൈറ്റുകള്‍ തിരിച്ചറിയണം
പ്രശസ്ത പൊതുമേഖലാ -സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളുടെ വ്യാജപ്പതിപ്പ് തയാറാക്കിയുള്ള തട്ടിപ്പും പ്രചാരത്തിലുണ്ട്. ഇവയില്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍ പോസ്റ്റ് ചെയ്യും. വാട്സാപ്പും മറ്റു സമൂഹമാധ്യമങ്ങളും വഴി പ്രചാരണം കൂടിയാകുമ്പോള്‍ ധാരാളം ഉദ്യോഗാര്‍ഥികള്‍ വലയില്‍ വീഴും. വ്യക്തിവിവരങ്ങള്‍, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍, സാമ്പത്തിക വിവരങ്ങള്‍ തുടങ്ങിയവ തെറ്റായ വ്യക്തികളുടെ കയ്യിലെത്തുമെന്നതാണ് അപകടം. ഈ സൈറ്റുകള്‍ ഉപയോഗിച്ചു തന്നെ വ്യാജ റിക്രൂട്‌മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു പണം തട്ടുന്ന വിരുതന്മാരും ഏറെ.
ഓണ്‍ലൈന്‍ തൊഴില്‍ത്തട്ടിപ്പ് പരസ്യം കണ്ടാല്‍ ആദ്യം വെബ്സൈറ്റ് പരിശോധിക്കണം. വെബ്സൈറ്റ് വിലാസത്തിന്റെ തുടക്കത്തില്‍ http എന്നാണോ അതോ https എന്നാണോ എന്നു നോക്കണം. https ആണെങ്കില്‍ കൂടുതല്‍ സുരക്ഷിതമെന്നര്‍ഥം. സംശയം ഉണ്ടാകുന്ന പക്ഷം വെബ്സൈറ്റിലെ മറ്റു വിവരങ്ങളുടെ ആധികാരികത നോക്കുക. പലപ്പോഴും ഗൂഗിള്‍ സെര്‍ച്ചിലൂടെ തന്നെ വ്യാജന്മാരെ തിരിച്ചറിയാനാകും.
തട്ടിപ്പ് സംഘങ്ങളെ പിടിച്ചിട്ടുണ്ട്
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘങ്ങളെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും വയനാട് സൈബര്‍ പോലീസ് പിടികൂടിയിരുന്നു. വീട്ടിലിരുന്നു ഡാറ്റാ എന്‍ട്രി ചെയ്ത് പണമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് 12.5 ലക്ഷം രൂപ തട്ടിയെടുത്ത രണ്ടംഗ സംഘത്തെ മുബൈയില്‍ നിന്നും 2021-ല്‍ പിടികൂടിയിരുന്നു. കാനഡക്ക് വിസ നല്‍കാം എന്ന് വിശ്വസിപ്പിച്ച് 15 ലക്ഷം രൂപ തട്ടിയെടുത്ത നാലംഗ സംഘത്തെ പഞ്ചാബില്‍ നിന്നും 2022-ല്‍ പിടികൂടിയിരുന്നു. ദുബൈയില്‍ ജോലി നല്‍കാം എന്ന് വിശ്വസിപ്പിച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത രണ്ടംഗ സംഘത്തെ ഡല്‍ഹിയില്‍ നിന്നും, കാനഡയില്‍ ജോലിക്ക് വിസ നല്‍കാം എന്ന് വിശ്വസിപിച്ച് 18 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയന്ഴ സ്വദേശിയെ ബാംഗ്ളൂരില്‍ നിന്നും വയനാട് സൈബര്‍ പോലീസ് പിടികൂടിയിട്ടുണ്ട്.
ഇത്തരത്തില്‍ തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ ടോള്‍ ഫ്രീ നമ്പരായ 1930 ല്‍ വിളിച്ചോ, ഓണ്‍ലൈന്‍ പോര്‍ട്ടല്‍(https://www.cybercrime.gov.in)വഴിയോ പരാതി നല്‍കാവുന്നതാണ്