ഗ്രൂപ്പ് സി, ഡി ക്ലാസ് ജോലികൾക്ക് കർണാടക സ്വദേശികളെ മാത്രമേ നിയോഗിക്കാൻ പാടുളളുവെന്നും ബില്ലിലുണ്ട്. പ്യൂൺ, സ്വീപ്പർ മുതലായ ജോലികളാണ് ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളിലായി തരംതിരിച്ചിട്ടുള്ളത്. ഇപ്പോൾ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ല് അവതരിപ്പിച്ചേക്കും. കർണാടകയിൽ റജിസ്റ്റർ ചെയ്ത കച്ചവടസ്ഥാപനങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കുമാണ് ചട്ടം ബാധകമാകുക.
മലയാളികൾ ഏറ്റവും കൂടുതൽ ജോലിക്കായി ആശ്രയിക്കുന്ന നഗരമാണ് ബെംഗളൂരു. വ്യവസായ-ഐടി മേഖലകളിലടക്കം പതിനായിരക്കണക്കിന് മലയാളി യുവാക്കൾ ജോലി ചെയ്യുന്നുണ്ട്. വലിയ എതിർപ്പുകൾക്കിടെയാണ് പുതിയ ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്. ഇനി ബില്ലിന് നിയമസഭ കൂടി അംഗീകാരം നൽകിയാൽ നിയമമാകും. അങ്ങനെയെങ്കിൽ കർണാടകയ്ക്ക് പുറത്ത് നിന്നും സ്വകാര്യമേഖലയിലേക്ക് തൊഴിൽ അന്വേഷിച്ചെത്തുന്ന യുവാക്കൾക്ക് തൊഴിൽ മേഖലയിൽ വലിയ തിരിച്ചടി നേരിടേണ്ടി വരും. നിലവിൽ ബെംഗളൂരുവിലെ വ്യവസായ മേഖല ബില്ലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഫാസിസ്റ്റ് നടപടിയാണ് കോൺഗ്രസ് സർക്കാരിന്‍റേതെന്ന് മണിപ്പാൽ ഗ്രൂപ്പ് ചെയർമാൻ മോഹൻദാസ് പൈ അഭിപ്രായപ്പെട്ടു. ഒരു സർക്കാർ ഓഫീസർ ഇരുന്ന് സ്വകാര്യസ്ഥാപനങ്ങളിലേക്കുള്ള നിയമനം നടത്താൻ തീരുമാനിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം വിമർശിച്ചു. ബെംഗളുരുവിലെ ടെക് കമ്പനികളെ അടക്കം ഒറ്റയടിക്ക് പേടിപ്പിച്ചോടിക്കുന്ന ബില്ലെന്ന് ബയോകോൺ ലിമിറ്റഡ് ചെയർപേഴ്സൺ കിരൺ മജുംദാർ ഷായും അഭിപ്രായപ്പെട്ടു