കറക്കി വീഴ്ത്തി ബിഷ്ണോയിയും സുന്ദറും, സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് കുഞ്ഞൻ വിജയലക്ഷ്യം

ഹരാരെ: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് 116 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തു.29 റണ്‍സുമായി പുറത്താകാതെ നിന്ന ക്ലൈവ് മദാൻഡെ സിംബാബ്‌വെയുടെ ടോപ് സ്കോററായപ്പോള്‍ 23 റണ്‍സ് വീതമെടുത്ത ബ്രയാന്‍ ബെന്നറ്റും ഡിയോണ്‍ മയേഴ്സും സിംബാബ്‌വെക്കായി പൊരുതി. ക്യാപ്റ്റൻ സിക്കന്ദര്‍ റാസ 17 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യക്കായി രവി ബിഷ്ണോയി 13 റണ്‍സിന് നാലു വിക്കറ്റെടുത്തു.

തുടക്കത്തിലെ തകര്‍ന്നു

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ സിംബാബ്‌വെക്ക് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഇന്നസെന്‍റ് കയയെ നഷ്ടമായി. മുകേഷ് കുമാറിന്‍റെ ആദ്യ പന്തില്‍ കയ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ രണ്ടാം വിക്കറ്റില്‍ വെസ്‌ലി വെസ്‌ലി മധേവെരെയും ബ്രയാന്‍ ബെന്നെറ്റും ചേര്‍ന്ന് 34 റണ്‍സടിച്ച് സിംബാബ്‌വെക്ക് പ്രതീക്ഷ നല്‍കി.പവര്‍ പ്ലേയില്‍ രവി ബിഷ്ണോയിയെ പന്തേൽപ്പിച്ച ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്‍റെ തീരുമാനം ശരിവെച്ച് ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ ബിഷ്ണോയ് ബെന്നറ്റിനെ(23) മടക്കി.പവര്‍ പ്ലേയിലെ അവസാന ഓവര്‍ മെയ്ഡിനാക്കിയ ബിഷ്ണോയ് സിംബാബ്‌വെയെ ആറോവില്‍ 40-2ൽ ഒതുക്കി.തന്‍റെ രണ്ടാം ഓവറില്‍ വെസ്‌ലി മധേവെരെയെ(21) കൂടി മടക്കിയ ബിഷ്ണോയ് ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ സിംബാബ്‌വെ പതറി. സിക്ക്ര്‍ റാസയും മയേഴ്സും ചേര്‍ന്ന് സിംബാബ്‌വെയെ 10 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സെടുത്ത സിംബാബ്‌വെക്ക് അടുത്ത പ്രഹരമേല്‍പ്പിച്ചത് ആവേശ് ഖാനായിരുന്നു. സിക്കന്ദര്‍ റാസയെ(17) വീഴ്ത്തി ആവേശ് സിംബാബ്‌വെയെ ബാക്ക് ഫൂട്ടിലാക്കി. അതേ ഓവറില്‍ ജൊനാഥന്‍ കാംപ്‌ബെല്‍(0) റണ്ണൗട്ടായതോടെ 12 ഓവറില്‍ 74-5ലേക്ക് കൂപ്പുകുത്തി.പതിനഞ്ചാം ഓവറില്‍ ഡിയോണ്‍ മയേഴ്സിനെയും(23) മസകാഡ്സയെയും(0) തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കി വാഷിംഗ്ണ്‍ സുന്ദര്‍ സിംബാബ്‌വെയുടെ നടുവൊടിച്ചപ്പോള്‍ വാലറ്റത്തെ രവി ബിഷ്ണോയ് കറക്കി വീഴ്ത്തി. ചതാരയെ കൂട്ടുപിടിച്ച് ക്ലൈവ് മദാൻഡെ അവസാന വിക്കറ്റില്‍ തകര്‍ത്തടിച്ചതോടെ സിംബാബ്‌വെ പത്തൊമ്പതാം ഓവില്‍ 100 കടന്നു. ഇന്ത്യക്കായി രവി ബിഷ്ണോയ് നാലോവറില്‍ 13 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ നാലോവറില്‍ 11 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.