വീണ്ടും ലിഫ്റ്റ് പണിമുടക്കി, തിരു. മെഡിക്കൽ കോളേജിൽ രോഗിയും ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി, പുറത്തെത്തിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ലിഫ്റ്റ് പണിമുടക്കി. രോഗിയും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി. അത്യാഹിത വിഭാഗത്തിൽ നിന്നും സി ടി സ്കാനിലേക്ക് പോകുന്ന ലിഫ്റ്റിലാണ് 2 പേരും കുടുങ്ങിയത്. ലിഫ്റ്റ് ഉളളിൽ നിന്നും തുറക്കാൻ കഴിയാതാകുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ലിഫ്റ്റ് വീണ്ടും പണി മുടക്കിയത്. ഡോക്ടർക്ക് ഒപ്പമുണ്ടായിരുന്ന രോഗി സ്ട്രക്ച്ചറിലായിരുന്നു. 10 മിനിറ്റോളം രണ്ട് പേരും ലിഫ്റ്റിൽ കുടുങ്ങിക്കിടന്നു. എമർജൻസി അലാറം മുഴക്കുകയും ഡോക്ടർ ഫോണിൽ വിളിച്ചതും അനുസരിച്ച് ജീവനക്കാരെത്തി ഇരുവരെയും പുറത്തേക്ക് എത്തിക്കുകയായിരുന്നു.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കഴിഞ്ഞ ശനിയാഴ്ച ലിഫ്റ്റിൽ കുരുങ്ങിയ രോഗിയെ ഇന്നലെയാണ് കണ്ടെത്തി പുറത്തേക്ക് എത്തിച്ചത്. ഈ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പേയാണ് വീണ്ടും ലിഫ്റ്റിൽ ആളുകൾ കുടുങ്ങിയത്. 

മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തിയ തിരുമല സ്വദേശിയും നിയമസഭയിലെ താൽക്കാലിക ജീവനക്കാരനുമായ രവീന്ദ്രൻ, ഒ.പി ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണാൻ പോകുന്നതിനിടെയാണ് കഴിഞ്ഞ ദിവസം 11 ആം നമ്പർ ലിഫ്റ്റിൽ കുടുങ്ങിയത്. ലിഫ്റ്റ് പൊടുന്നനെ ഇടിച്ച് നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഫോൺ നിലത്ത് വീണ് തകരാറിലുമായി.ശനിയാഴ്ച വൈകിട്ടോടെ ലിഫ്റ്റ് തകരാറിലാണെന്ന് ബോധ്യമായോതോടെ ഓപ്പറേറ്റർ ലോക്ക് ചെയ്ത് മടങ്ങിയിരുന്നു. ഈ സമയമെല്ലാം രവീന്ദ്രൻ കുടുങ്ങിക്കിടക്കുകയായിരുന്നു. ഒരു ദിവസം കഴിഞ്ഞിട്ടും രവീന്ദ്രൻ എത്താതായതോടെ ബന്ധുക്കൾ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് രണ്ട് ദിവസത്തിന് ശേഷം ഇന്നലെ പുലർച്ചെയോടെ ലിഫ്റ്റ് ഓപ്പറേറ്റർ തകരാർ പരിശോധിക്കാൻ ലിഫ്റ്റ് തുറന്നത്. ലിഫ്ഫിൽ മലമൂത്ര വിസർജ്ജനമടക്കം നടത്തി അവശനിലയിലായിരുന്നു രവീന്ദ്രൻ. സംഭവത്തിൽ 3 ജിവനക്കാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.