മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് വീണ്ടും അപകടപരമ്പര, രണ്ട് വള്ളങ്ങൾ അപകടത്തിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്, ശനിയാഴ്ച രാവിലെ ഒമ്പതര മണിയോടെയാണ് ആദ്യ അപകടം.പുതുക്കുറിച്ചി സ്വദേശി ഷിജുവിൻ്റെ ഉടസ്ഥതയിലുള്ള ഇല്ലാഹി എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.അപകടം സംഭവിക്കുമ്പോൾ അഞ്ചുതൊഴിലാളികൾ വള്ളത്തിലുണ്ടായിരുന്നു. മത്സ്യബന്ധനം കഴിഞ്ഞ് നിറയെ മീനുമായ വന്ന വള്ളം ശക്തമായ തിരയിൽപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ച് തകർന്നു, ഇതോടെ വള്ളത്തിൽ വെള്ളം കയറി, വള്ളത്തിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളെയും പരിക്കേൽക്കാതെ രക്ഷപ്പെടുത്തി.രക്ഷാപ്രവർത്തനത്തിനിടെ രണ്ട് താൽകാലിക ഫിഷറീസ് ലൈഫ് ഗാർഡുകൾക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട വള്ളം മുങ്ങുന്നതിനിടെ രക്ഷാബോട്ടിൽ കെട്ടിവലിച്ച് കരയ്ക്കെത്തിക്കാൻ ശ്രമിക്കവേ വള്ളത്തിൻ്റെ അണിയം (കുറ്റി) പൊട്ടിയടിച്ചാണ് താഴംപള്ളി സ്വദേശി വിൽബന് (40) കൈയ്യിൽ പരിക്കേറ്റത്.ഇയാളുടെ ഇരു കൈകളും ഒടിഞ്ഞു. മറ്റൊരു വലിയ വള്ളം എത്തിച്ചാണ് പിന്നീട് അപകടത്തിൽപ്പെട്ട വള്ളം കരയ്ക്ക് എത്തിച്ചത്. അപകടത്തിൽപ്പെട്ട തൊഴിലാളികൾക്ക് പുലിമുട്ടിൽ നിന്നും ലൈഫ് ബോയ് എടുത്ത് ഇടാൻ ശ്രമിക്കവെ കാൽവഴുത്തി വീണ് ഷിബുവിനും നിസ്സാര പരിക്കേറ്റു. ഇരുവരെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉച്ചയ്ക്ക് 12 മണിയോടെയാണ് മറ്റൊരു വള്ളവും അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട വള്ളം തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്.പൂത്തുറ സ്വദേശിയായ റോബിൻ്റെ ഉടമസ്ഥതയിലുള്ള അത്യുന്നതൻ എന്ന വള്ളമാണ് മറിഞ്ഞത്. വള്ളത്തിൽ ഉണ്ടായിരുന്ന രണ്ട് തൊഴിലാളികൾക്ക് നിസ്സാര പരിക്കേറ്റു. അഞ്ചുതെങ്ങ് സ്വദേശികളായ ജോസ്, റോയി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വള്ളത്തിലെ എഞ്ചിൻ കിട്ടിയെങ്കിലും വള്ളം പൂർണ്ണമായി തകർന്നു ഏപ്രിൽ മുതൽ ഇതുവരെ പതിനെട്ട് അപകടങ്ങളാണ് മുതലപ്പൊഴിയിൽ ഉണ്ടായത്. ഈയാഴ്ചയിൽ ആറപകടങ്ങളും ഉണ്ടായി