സംസ്ഥാനത്തെ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിൽ നിയന്ത്രണം. ഇനി മുതൽ ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടയിൽ നിന്ന് മാത്രമെ മണ്ണെണ്ണ വിതരണം ചെയ്യുകയുള്ളെന്ന് തീരുമാനം.ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ പുറത്തിറക്കി. മണ്ണെണ്ണ വിതരണത്തിലെ പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് സർക്കാരിന്‍റെ നീക്കം.
അതേസമയം ഈ തീരുമാനം റേഷൻ കടകളെ നശിപ്പിക്കുമെന്ന് ആരോപിച്ച് മണ്ണെണ്ണ വിതരണം ഏറ്റെടുക്കില്ലെന്ന് റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷൻ സമിതി വ്യക്തമാക്കി. റേഷൻ വിതരണത്തെ മൊത്തത്തിൽ തകർക്കുന്നതാണ് ഉത്തരവ് എന്ന് റേഷൻ വ്യാപാരികൾ ആരോപിക്കുന്നു. ഒന്നോ രണ്ടോ കടകളിലൂടെ മാത്രം മണ്ണെണ്ണ വിതരണം ചെയ്താൽ അവിടെ നിന്ന് റേഷൻ ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങുകയും മറ്റ് റേഷൻ കടകളിൽ വിതരണം കുറയുകയും ചെയ്യുമെന്ന് വ്യാപാരികൾ ആരോപിച്ചു.