ആകാശ് തില്ലങ്കേരിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ വയനാട് എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ., കണ്ണൂര്‍ ആര്‍.ടി.ഒ.യോട് ശുപാര്‍ശചെയ്തിരുന്നു.
വയനാട് പനമരത്ത് ഗതാഗതനിയമങ്ങൾ ലംഘിച്ച് വാഹനമോടിച്ച, ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് ഡ്രൈവിങ് ലൈസൻസില്ലെന്ന് മോട്ടോർവാഹനവകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ സൂചന. സ്വദേശമായ കണ്ണൂർ ജില്ലയിൽനിന്ന് സ്വന്തംപേരിലും വിലാസത്തിലും ആകാശ് തില്ലങ്കേരി ഡ്രൈവിങ് ലൈസൻസ് എടുത്തിട്ടില്ലെന്നാണ് മോട്ടോർവാഹനവകുപ്പ് പറയുന്നത്.
ആകാശ് തില്ലങ്കേരിയുടെ ലൈസൻസ് റദ്ദാക്കാൻ വയനാട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ., കണ്ണൂർ ആർ.ടി.ഒ.യോട് ശുപാർശചെയ്തിരുന്നു. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ണൂർ ജില്ലയിൽനിന്ന് തില്ലങ്കേരി ഡ്രൈവിങ് ലൈസൻസ് എടുത്തിട്ടില്ലെന്ന് കണ്ടെത്തിയത്. മറ്റെവിടെനിന്നെങ്കിലും ലൈസൻസ് എടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സംസ്ഥാനതലത്തിലേക്ക് ശുപാർശ നൽകിയിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. കെ.ആർ. സുരേഷ് പറഞ്ഞു.
സംസ്ഥാനതലത്തിലും പ്രാഥമികമായി നടത്തിയ പരിശോധനയിൽ ആകാശ് തില്ലങ്കേരിക്ക് ലൈസൻസ് ഇല്ലെന്നാണ് സൂചന. കഴിഞ്ഞദിവസം പിഴയീടാക്കിയതിലും ലൈസൻസില്ലെന്ന വകുപ്പ് ചേർത്തിരുന്നു. ആകാശ് ഓടിച്ചിരുന്ന വാഹനത്തിന്റെ ഉടമ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനോട് ഗതാഗതനിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി 45,500 രൂപ പിഴയടയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിനുമുന്നോടിയായി നോട്ടീസും നൽകിയിട്ടുണ്ട്.
ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്രയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ജീപ്പ് ഉടൻ പിടിച്ചെടുക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകിയതിനൊപ്പം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാളാണ് വീണ്ടും നിയമലംഘനം നടത്തിയിരിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. അന്വേഷണത്തിൽ ഇതേ വാഹനത്തിന്റെ പേരിൽ സമാനകേസുകളുണ്ടെന്നു കണ്ടെത്തിയിരുന്നു.
2023 ഒക്ടോബറിൽ വയനാട്ടിൽനിന്നുതന്നെ വാഹനയുടമയ്ക്ക് ഇ-ചെലാൻ അയച്ചിട്ടുണ്ട്. എ.ഐ. ക്യാമറാ ദൃശ്യംകൂടി പരിശോധിച്ചതിനുശേഷം നടപടിയുണ്ടാകുമെന്ന നിലപാടായിരുന്നു അധികൃതർക്ക്. ആകാശ് തില്ലങ്കേരി ഇൻസ്റ്റഗ്രാം റീൽ പങ്കുവെച്ചതോടെയാണ് യാത്ര വിവാദമായത്. പനമരം-മാനന്തവാടി റോഡിൽ പനമരം ടൗൺ, നെല്ലാറാട്ട് കവല, ആര്യന്നൂർനട എന്നിവിടങ്ങളിലൂടെ വാഹനം ഓടിക്കുന്നതാണ് വീഡിയോയിൽ. വാഹനത്തിന്റെ ടയറുകൾ ഉൾപ്പെടെ മാറ്റിവെച്ചതാണെന്നു വ്യക്തം. മറ്റൊരു ആഡംബരവാഹനത്തിൽ ഒപ്പം സഞ്ചരിച്ചവരാണ് ദൃശ്യം പകർത്തിയത്.