നിരക്ക് വര്‍ധന: ജിയോയില്‍നിന്നുള്‍പ്പടെ കൊഴിഞ്ഞുപോക്ക്, നേട്ടമാക്കി ബി.എസ്.എന്‍.എല്‍

സംസ്ഥാനത്ത് പോയ വരിക്കാരെക്കാള്‍ ബിസ്എന്‍എലിലേക്ക്‌ വന്നവര്‍ മുന്നില്‍.

        

സ്വകാര്യ മൊബൈൽ സേവനദാതാക്കൾ താരിഫ് കൂട്ടിയതിന്റെ കോളടിച്ചത്, നിരക്ക് കൂട്ടാതിരുന്ന ബി.എസ്.എൻ.എലിന്.

ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ (വി) എന്നീ കമ്പനികളിൽനിന്ന് ബി.എസ്.എൻ.എലിലേക്ക് വരുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ വർദ്ധന രേഖപ്പെടുത്തി. ദേശീയതലത്തിൽ ഈ പ്രവണതയുണ്ടെങ്കിലും, കേരളത്തിലാണ് ഏറ്റവും മികച്ച പ്രതികരണം. മറ്റു കമ്പനികളുടെ ഉയർന്ന താരിഫ് നിലവിൽവന്നശേഷമുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് ബി.എസ്.എൻ.എലിലേക്ക് വരുന്ന വരിക്കാരുടെ എണ്ണം, വിട്ടുപോകുന്നവരെക്കാൾ കൂടുതലായി മാറിയിട്ടുണ്ട്. ഇത്തരത്തിലൊരു മാറ്റമുണ്ടായതിനെ അനുകൂലമാക്കാനുള്ള പ്രചാരണപ്രവർത്തനങ്ങൾ ബി.എസ്.എൻ.എൽ. തുടങ്ങിയിട്ടുമുണ്ട്.

ജൂലായ് ഒന്നുമുതലാണ് സ്വകാര്യകമ്പനികൾ താരിഫ് കൂട്ടിയത്. ജൂലായ് 10 മുതൽ 17 വരെയുള്ള കണക്കുപ്രകാരം ബി.എസ്.എൻ.എലിൽനിന്ന് 5,831 വരിക്കാരാണ് വിട്ടുപോയത്. എന്നാൽ, ഈ കാലയളവിൽ ബി.എസ്.എൻ.എലിലേക്ക് മറ്റുകമ്പനികളിൽനിന്ന് വന്നത് 5,921 പേരാണ്.

വരിക്കാർ മൊബൈൽ സേവനകമ്പനികൾ മാറുന്നതിനെ സിം പോർട്ടിങ് എന്നാണ് പറയുന്നത്. പോർട്ടിങ് നിലവിൽ വന്നശേഷം ചുരുക്കമായാണ്, വിട്ടുപോയവരെക്കാൾ വന്നുചേർന്നവരുടെ എണ്ണം ഉണ്ടായ സംഭവം ബി.എസ്.എൻ.എലിന്റെ കാര്യത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ കഴിഞ്ഞമാസം ഇതേകാലയളവിൽ കേരളത്തിൽ (ജൂൺ 10-17) ബി.എസ്.എൻ.എലിൽനിന്ന് വിട്ടുപോയത് 8,444 വരിക്കാരായിരുന്നു. ഈസമയത്ത് മറ്റു കമ്പനികളിൽനിന്ന് ബി.എസ്.എൻ.എലിലേക്ക് വന്നത് 1,730 പേർമാത്രമായിരുന്നു.

വന്നവരിൽ മലപ്പുറം മുന്നിൽ
ജൂലായ് 10-17 കാലയളവിൽ സംസ്ഥാനത്ത് ബിഎസ്എൻഎലിലേക്ക് കൂടുതൽ വരിക്കാരെത്തിയത് മലപ്പുറം ജില്ലയിലാണ്. ഇവിടെ 1,107 പേർ വന്നു. ബിഎസ്എൻഎൽ വിട്ട് മറ്റു കമ്പനികളിലേക്ക് മലപ്പുറത്തുനിന്ന് ചേക്കേറിയവർ 49 മാത്രമാണ്. ഏറ്റവും കുറവ് പേർ ബിഎസ്എൻഎലിലേക്ക് വന്നത് പത്തനംതിട്ട ജില്ലയിലാണ്-167 പേർ.