ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതികരിച്ച് റെയിൽവേ. ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റെയിൽവേയുടെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ ആർപിഎഫ് അന്വേഷണം നടത്തും. റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ നിരീക്ഷണം ഏർപ്പെടുത്തുമെന്ന് റെയിൽവേ അറിയിച്ചു.വൈദ്യുതി ലൈനിന്റെ അപകടത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകാനും ആലോചനയുണ്ടെന്ന് റെയിൽവേ അറിയിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു പന്തയം ജയിക്കുന്നതിനായി ഗുഡ്സ് ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചത്. ഇടപ്പള്ളി സ്വദേശി ആന്റണി ജോസ്(17)ആണ് മരിച്ചത്. 85 ശതമാനത്തിന് മുകളിൽ പൊള്ളൽ ഏറ്റിരുന്നു.പിറന്നാൾ ആഘോഷത്തിനിടെ സുഹൃത്തുക്കളുമായി പന്തയം വച്ച് ആന്റണി ട്രെയിനിന് മുകളിൽ കയറുകയായിരുന്നു. വലിയ അളവിൽ പ്രവഹിച്ചുകൊണ്ടിരുന്ന വൈദ്യുതിലൈനിൽ നിന്നാണ് ആന്റണിക്ക് പൊള്ളലേറ്റത്. ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രൈനിന് മുകളിലാണ് 17കാരൻ കയറിയത്.