റോബോട്ടിക് പരിശോധനയില്‍ നിര്‍ണായക വിവരം; ശരീരഭാഗം കണ്ടെത്തിയെന്ന് സൂചന,

തിരുവനന്തപുരം: തമ്പാനൂരില്‍ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായി നടത്തിയ റോബോട്ടിക് പരിശോധനയില്‍ നിര്‍ണായക വിവരം കണ്ടെത്തിയതായി സൂചന. മനുഷ്യ ശരീരത്തിന്റെ ഭാഗം കണ്ടെന്നാണ് വിവരം. ദൃശ്യങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തുകയാണ് അധികൃതര്‍.

റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സ്‌കൂബ ടീമിന്റെ പരിശോധനയിലാണ് നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചത്. നൈറ്റ് വിഷന്‍ ക്യാമറയുള്ള റോബോട്ടിക് സാങ്കേതിക വിദ്യ പ്രധാന ടണലിലേക്ക് ഇറക്കിയായിരുന്നു പരിശോധന. ക്യാമറയുടെ സഹായത്തോടെ പുറത്തുനിന്നാണ് ടണലിനകത്തെ ദൃശ്യങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നത്. റോബോട്ടിക് പരിശോധനയില്‍ വ്യക്തത വരുത്താന്‍ സ്‌കൂബാ ടീം ടണലിന് അകത്തേക്ക് പ്രവേശിച്ചു. ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അവ്യക്തമാണ്. അതിനാല്‍ ശരീര ഭാഗങ്ങള്‍ തന്നെയാണോ ഇതെന്ന് ഉറപ്പിക്കാനായിട്ടില്ല. ഇതിനാലാണ് കൂടുതല്‍ സ്‌കൂബാ ടീം ടണലിലേക്ക് ഇറങ്ങിയത്.ഇന്നലെ രാവിലെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നതിനിടെയാണ് ജോയിയെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. മഴ പെയ്തപ്പോള്‍ ജോയിയോട് കരയ്ക്കു കയറാന്‍ ആവശ്യപ്പെട്ടിരുന്നതായി ഒപ്പമുണ്ടായിരുന്ന ആളുകള്‍ പറഞ്ഞു. എന്നാല്‍ തോടിന്റെ മറുകരയില്‍ നിന്ന ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. മാരായമുട്ടം സ്വദേശിയാണ് റെയില്‍വേയുടെ താല്‍ക്കാലിക തൊഴിലാളിയായ ജോയി.