ഇടുക്കി: സംസ്ഥാനത്ത് ശക്തമായ മഴ കനക്കുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ രാത്രികാല യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. രാത്രി 7 മുതൽ രാവിലെ 6 മണി വരെയാണ് നിരോധനം. ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രാ നിരോധനത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം ലഭിച്ചു. കൂടാതെ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കല്ലാര്‍കുട്ടി അണക്കെട്ട് തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുതിരപ്പുഴ പെരിയാർ തീരദേശവാസികൾക്ക് ജാഗ്രത നിർദേശം ലൽകിയിട്ടുണ്ട്.സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. മഴയില്‍ വിവിധ ജില്ലകളില്‍ വ്യാപക നാശമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കനത്ത മഴയില്‍ ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. തുടര്‍ന്ന് തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിലെ 21 ഷട്ടറുകള്‍ ഉയര്‍ത്തി. ഇന്ന് രാവിലെ പെയ്തു തുടങ്ങിയ മഴയില്‍ ശക്തമായ ഒഴുക്കാണ് ഭാരതപ്പുഴയില്‍ അനുഭവപ്പെടുന്നത്. ജലനിരപ്പ് കൂടിയതോടെ രണ്ടു സെന്റിമീറ്റര്‍ വീതം 21 ഷട്ടറുകളാണ് ഉയര്‍ത്തിയത്. രാവിലെ 10 മണിക്ക് ശേഷമാണ് ഘട്ടം ഘട്ടമായാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ജലനിരപ്പ് ഇനിയും ഉയരാന്‍ സാഹചര്യമുള്ളതിനാല്‍ തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശമുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഇനി അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത അഞ്ചുദിവസം ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടി/മിന്നല്‍/കാറ്റോടു കൂടിയ മിതമായ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് , കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്.
ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിര്‍ദേശങ്ങള്‍
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങള്‍ പൊതുവിടങ്ങളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.
ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും കാറ്റില്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയില്‍ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോള്‍ ഇതിന്റെ ചുവട്ടിലും സമീപത്തും നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയോ അരുത്. ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റില്‍ വീണുപോകാന്‍ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെക്കേണ്ടതാണ്.