വയനാട് മുണ്ടക്കൈ, ചുരൽമലയിലെ ഉരുൾപൊട്ടൽ ഏറെ ഞെട്ടലോടെയാണ് നാട് അറിഞ്ഞത്. നിരവധി ജീവനുകളാണ് ഇതുവരെ ദുരന്തത്തിൽ നഷ്ടപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. ഒരു പ്രദേശത്തെ ഭൂപ്രകൃതിയെ തന്നെ മാറ്റിമറിച്ച ദുരന്തത്തിനാണ് വയനാട സാക്ഷ്യം വഹിച്ചത്. ഒരു പുഴ തന്നെ ഗതിമാറിയെത്തി. സംസ്ഥാനത്ത് വീണ്ടും ഒരു ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത് ഗാഡ്ഗിൽ റിപ്പോർട്ടാണ്.2013ൽ മാധവ് ഗാഡ്ഗിൽ തന്റെ പഠന റിപ്പോർട്ടിൽ പരാമർശിച്ച പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ലിസ്റ്റിൽ വയനാടും മേപ്പാടിയും ഉണ്ട്. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനലിന്റെ റിപ്പോർട്ട് പ്രകാരമാണ് പരിസ്ഥിതി ലോല പ്രദേശങ്ങളിൽ വയനാടും മേപ്പാടിയും ഉൾപ്പെട്ടിരിക്കുന്നത്. മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ സമിതി അതിൻ്റെ റിപ്പോർട്ടിൽ പശ്ചിമഘട്ടത്തിലുടനീളമുള്ള പരിസ്ഥിതിലോല പ്രദേശങ്ങളും മേഖലകളും തരംതിരിക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇന്നും ഇത് നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.വയനാട്ടിലെ മുണ്ടക്കൈ, ചുരൽമലയി ഉരുൾപൊട്ടലിൽ 135 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. നിരവധി പേരെ ദുരന്തത്തിൽ കാണാതായിട്ടുമുണ്ട്. ഇന്നലെ പുലർച്ചെയാണ് മേഖലയിൽ രണ്ടു ഉരുൾപൊട്ടൽ ഉണ്ടായത്. പുലർച്ചെ രണ്ടു മണിക്കായിരുന്നു ആദ്യത്തെ ഉരുൾപൊട്ടൽ ഉണ്ടായത്. പുലർച്ചെ നാലു മണിയോടെയാണ് രണ്ടാമത്തെ ഉരുൾപൊട്ടൽ ഉണ്ടായത്. നിരവധി കുടുംബങ്ങളാണ് ദുരന്തത്തിന് പിന്നാലെ മേഖലയിൽ ഒറ്റപ്പെട്ടത്. അട്ടമലയിൽ നൂറോളം പേരാണ് ഒറ്റപ്പെട്ട് കഴിയുന്നത്.സൈന്യം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം നടക്കുന്നത്. രാവിലെ ഏഴു മണിയോടെ രക്ഷാപ്രവർത്തനം പുനഃരാരംഭിക്കുമെന്നാണ് വിവരം.800ൽ അധികം പേരെ മുണ്ടക്കൈയിൽ നിന്ന് രക്ഷിച്ചതായി രക്ഷാപ്രവർത്തകർ അറിയിച്ചു. കുടുങ്ങിക്കിടന്ന മുഴുവൻ പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. അട്ടമലയിലും ചുരൽമലയിലും കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതിനുള്ള സാധ്യത രക്ഷാപ്രവർത്തകർ തള്ളുന്നില്ല. അതിനാൽ പുലർച്ചെ ആരംഭിക്കുന്ന രക്ഷാ പ്രവർത്തനത്തിൽ ഇവിടെയുള്ളവരെ പുറത്തേക്കെത്തിക്കുന്നത് കേന്ദ്രീകരിച്ചായിരിക്കും രക്ഷാദൗത്യം.