സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമില്‍ വീണ്ടും മാറ്റം; സഞ്ജുവും യശസ്വിയും ദുബെയും ഇന്ത്യയിലേക്ക് മടങ്ങും

ഇന്ത്യയുടെ മടക്കയാത്ര വൈകിയതോടെ ആറിന് തുടങ്ങുന്ന ടി20 പരമ്പരയില്‍ സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് സിംബാബ്‌വെയില്‍ എത്താനാവാത്ത സാഹചര്യം ഉള്ളതിനാലാണ് അടിയന്തിരമായി ടീമില്‍ മാറ്റം വരുത്താന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരായത്.


ബാര്‍ബഡോസ്: സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമില്‍ വീണ്ടും മാറ്റം വരുത്തി ബിസിസിഐ. ടി20 ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യൻ ടീമിനൊപ്പമുള്ള മലയാളി താരം സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, ശിവം ദുബെ എന്നിവർക്ക് സിംബാബ്‌വെ പര്യടനത്തിലെ ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് വിശ്രമം നല്‍കിയ ബിസിസഐ ഇവര്‍ക്ക് പകരം സായ് സുദര്‍ശന്‍, ഹര്‍ഷിത് റാണ, ജിതേഷ് ശര്‍മ എന്നിവരെ സിംബാബ്‌വെക്കെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്തി.
നേരത്തെ വെസ്റ്റ് ഇന്‍ഡീസിലെ ബാബര്‍ബഡ‍ോസില്‍ നിന്ന് സഞ്ജുവും യശസ്വിയും ശിവം ദുബെയും ഹരാരെയിലേക്ക് പോകാനായിരുന്നു തീരുമാനം. എന്നാല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ സംഘത്തിലുള്ള മറ്റ് ടീം അംഗങ്ങള്‍ക്കൊപ്പം ഇവരും ഇന്ത്യയിലെത്തിയശേഷം സിംബാബ്‌വെയിലേക്ക് അയക്കാനാണ് ബിസിസിഐ ഒടുവില്‍ തീരുമാനിച്ചത്. ബാര്‍ബഡോസിലെ ചുഴലികൊടുങ്കാറ്റ് മൂലം ഇന്ത്യൻ ടീമിന് യാത്ര തിരിക്കാനായിട്ടില്ല. തിങ്കളാഴ്ചയായിരുന്നു ഇന്ത്യൻ ടീം വിന്‍ഡീസില്‍ നിന്ന് ന്യൂയോര്‍ക്ക്-ദുബായ് വഴി ഇന്ത്യയിലെത്തേണ്ടിയിരുന്നത്. എന്നാൽ പുതിയ തീരുമാനപ്രകാരം ഇന്ന് മാത്രമെ ഇന്ത്യൻ ടീം യാത്ര തിരിക്കൂ എന്നാണ് സൂചന.ഇന്ത്യയുടെ മടക്കയാത്ര വൈകിയതോടെ ആറിന് തുടങ്ങുന്ന ടി20 പരമ്പരയില്‍ സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് സിംബാബ്‌വെയില്‍ എത്താനാവാത്ത സാഹചര്യം ഉള്ളതിനാലാണ് അടിയന്തിരമായി ടീമില്‍ മാറ്റം വരുത്താന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരായത്. ആറിന് തുടങ്ങുന്ന ടി20 പരമ്പരയില്‍ 10നാണ് സിംബാബ്‌വെക്കെതിരായ മൂന്നാം ടി20 മത്സരം. ഇതിന് മുമ്പ് ഇവരെ സിംബാബ്‌വെയിലേക്ക് അയക്കും. സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിലെ പ്രധാന വിക്കറ്റ് കീപ്പറായിരുന്നു സഞ്ജു. സഞ്ജുവിന്‍റെ അസാന്നിധ്യത്തില്‍ ധ്രുവ് ജുറെലോ ജിതേഷ് ശര്‍മയോ ആകും ആദ്യ രണ്ട് ടി20 മത്സരങ്ങളിലും വിക്കറ്റ് കീപ്പര്‍മാരാകുക.