തിരുവനന്തപുരം: കഴക്കൂട്ടത്ത് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ദേശീയപാതയിൽ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയ്ക്ക് താഴെയുള്ള റോഡിൽ എതിർദിശയിൽ വന്ന സ്കൂട്ടറും ബുള്ളറ്റ് ബൈക്കുമാണ് കൂട്ടിയിടിച്ചത്. സ്കൂട്ടറിൽ സഞ്ചരിച്ച കുളത്തൂർ അരശുംമൂട് സ്വദേശി പ്രസാദ് ചന്ദ്രൻ നായർ (73) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രസാദ് ചന്ദ്രനെ പൊലീസെത്തിയാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെ ടെക്നോപാർക്കിന് സമീപത്തായിരുന്നു അപകടം. വൺവേ ആയ റോഡിലാണ് എതിര്‍ദിശകളിലെത്തിയ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചത്. ബുള്ളറ്റിൽ സഞ്ചരിച്ചയാൾക്കും പരിക്കുണ്ട്. കഴക്കൂട്ടം പൊലീസ് കേസെടുത്തു.