ദില്ലി: ലോകകപ്പ് ഉയര്‍ത്തണമെങ്കില്‍ ഒരു മലയാളി കൂടെവേണം എന്ന ചൊല്ല് വീണ്ടും അച്ചട്ടായിരിക്കുകയാണ്. വീണ്ടുമൊരിക്കല്‍ കൂടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ട്വന്‍റി 20 ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ സ്ക്വാഡിലുണ്ടായിരുന്നു. നിറപുഞ്ചിരിയോടെയാണ് സഞ്ജു സാംസണ്‍ ലോകകപ്പ് ജേതാക്കള്‍ക്കൊപ്പം ദില്ലി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്‌തത്. വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, മുഹമ്മദ് സിറാജ് എന്നിവര്‍ വിമാനത്താവളത്തിന് പുറത്തേക്ക് വരുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു.വമ്പിച്ച സ്വീകരണമാണ് ഇന്ത്യന്‍ ടീമിന് ദില്ലി വിമാനത്താവളത്തില്‍ ലഭിച്ചത്. താരങ്ങളെ സ്വീകരിക്കാന്‍ ഏറെ ആരാധകര്‍ വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നു. മെഡലുകള്‍ കഴുത്തില്‍ അണിഞ്ഞാണ് സഞ്ജു അടക്കമുള്ള താരങ്ങള്‍ വിമാനത്താവളത്തിന് പുറത്തേക്ക് വന്നത്. കപ്പുമായി ഇറങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ട്രോഫി ഉയര്‍ത്തിക്കാട്ടി ആരാധകരെ അഭിവാദ്യം ചെയ്തു. വിമാനം ലാന്‍ഡ് ചെയ്യും മുമ്പ് താരങ്ങള്‍ ട്രോഫി ചുംബിക്കുന്ന ദൃശ്യങ്ങള്‍ ബിസിസിഐ ട്വീറ്റ് ചെയ്‌തിരുന്നു. പ്രത്യേക എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇന്ത്യന്‍ ടീം ജന്‍മനാട്ടിലേക്ക് മടങ്ങിയെത്തിയത്. നീണ്ട 11 വര്‍ഷത്തെ ഐസിസി ട്രോഫി വരള്‍ച്ച അവസാനിപ്പിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടി20 ലോകകപ്പ് 2024 ഉയര്‍ത്തിയത്. 2007ലെ പ്രഥമ ടി20 ലോകകപ്പിന് ശേഷം കുട്ടി ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ ആദ്യ കിരീടം കൂടിയാണിത്. ബാര്‍ബഡോസില്‍ നടന്ന കലാശപ്പോരില്‍ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ നിശ്ചിത 20 ഓവറില്‍ 169-8 എന്ന സ്കോറില്‍ ഒതുക്കി ഇന്ത്യ ഏഴ് റണ്‍സിന്‍റെ ത്രില്ലര്‍ ജയം നേടുകയായിരുന്നു. 59 പന്തില്‍ 76 റണ്‍സുമായി കിംഗ് കോലി ഫൈനലില്‍ ഇന്ത്യയുടെ വിജയശില്‍പിയായി. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയായിരുന്നു ടൂര്‍ണമെന്‍റിന്‍റെ താരം.