മെഡിക്കല്‍ കോളേജുകളിൽ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക കാമ്പയിന് തുടക്കം; ലിഫ്റ്റുകൾ ഉൾപ്പെടെ പരിശോധിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജ് ക്യാമ്പസുകളിലും സുരക്ഷിത ആശുപത്രി, സുരക്ഷിത ക്യാമ്പസ് (സേഫ് ഹോസ്പിറ്റല്‍, സേഫ് ക്യാമ്പസ്) ഇനിഷ്യേറ്റീവ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളേയും ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത്. അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, സാങ്കേതിക പ്രവര്‍ത്തകര്‍, മറ്റ് ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ യജ്ഞത്തില്‍ പങ്കാളികളാണ്. അതത് സ്ഥലങ്ങളിലെ ഇലക്ട്രിക്കല്‍ എ.ഇ. മാരുടെ നേതൃത്വത്തില്‍ ലിഫ്റ്റുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയുടെ സുരക്ഷ ഉറപ്പ് വരുത്തി വരുന്നതായും മന്ത്രി പറഞ്ഞു.
സേഫ്റ്റി ഓഡിറ്റ് ശക്തിപ്പെടുത്തി ആശുപത്രികളിലെ സുരക്ഷിതത്വം ഉറപ്പാക്കുക, ജീവനക്കാരുടെ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിര്‍വഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, രോഗീ സൗഹൃദ അന്തരീക്ഷമൊരുക്കുക, ക്യാമ്പസുകളുടെ ശുചീകരണം എന്നിവയാണ് ലക്ഷ്യമിടുന്നത്. ക്യാമ്പസില്‍ നിന്നുള്ള പകര്‍ച്ചവ്യാധികള്‍ തടയുക, വിദ്യാര്‍ത്ഥികള്‍ക്ക് രോഗഭീതി കൂടാതെയുള്ള പഠന സൗകര്യമൊരുക്കുക എന്നിവയും ലക്ഷ്യമിടുന്നു.

വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലും പരിസരവും വൃത്തിയാക്കുക, ആശുപത്രി കെട്ടിടങ്ങളിലേക്ക് വളര്‍ന്നു നില്‍ക്കുന്ന ചെടികളും മറ്റും നീക്കം ചെയ്യുക, പഴക്കമുള്ള വാട്ടര്‍ ടാങ്കുകള്‍ മാറ്റുക എന്നിവയടക്കം വിവിധ ശുചീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടേയും സൂപ്രണ്ടുമാരുടേയും നേതൃത്വത്തില്‍ അടുത്തയാഴ്ച യോഗം ചേര്‍ന്ന് ഈ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. ഈ യോഗത്തില്‍ സേഫ് ഹോസ്പിറ്റല്‍ ഇനിഷ്യേറ്റീവിനുള്ള മാര്‍ഗരേഖയ്ക്ക് അന്തിമ രൂപം നല്‍കും.