ആറ്റിങ്ങൽ : നഗരസഭാ പരിധിയിൽ അനധികൃതമായി മാലിന്യം വലിച്ചെറിഞ്ഞതും കൂട്ടിയിട്ടു കത്തിച്ചതുമായി ബന്ധപ്പെട്ട പരാതിയിൻമേൽ പിഴയായി ഈടാക്കിയത് 60000 ത്തോളം രൂപ.
ജൂലൈ മാസം ആരോഗ്യ വിഭാഗം സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ചില സ്ഥാപനങ്ങളും, വ്യക്തികളും അധികൃതരുടെ വലയിലായതെന്ന് സെക്രട്ടറി കെ.എസ്.അരുൺ അറിയിച്ചു.
മാലിന്യം ശേഖരിക്കുന്നതിനു വേണ്ടി നഗരസഭ ഏർപ്പെടുത്തിയിട്ടുള്ള ഹരിതകർമ്മ സേനാംഗങ്ങളുടെ സേവനം ഉപയോഗിക്കാതെയാണ് പൊതു നിരത്തുകളിൽ മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും.
നഗരത്തിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ സ്ഥാപിച്ച സുരക്ഷാ ക്യാമറകളുടെ സഹായത്തോടെയാണ് ഇത്തരക്കാരെ പിടികൂടാൻ സാധിച്ചത്.
ക്ലീൻസിറ്റി മാനേജർ എം.ആർ.റാംകുമാർ ഹെൽത്ത് ഇൻസ്പെക്ടർ രവികുമാർ തുടങ്ങിയവരാണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്.