രോഗികളെ തേടി കാട് കയറുന്ന ഒരു ഡോക്ടറുണ്ട് അതിരപ്പിള്ളിയില്‍. ആദിവാസികളുടെ അരികിലെത്തി മരുന്നിനൊപ്പം സ്‌നേഹവും പങ്കിട്ട് സേവനം തുടരുകയാണ് ഡോ. യു.ഡി.ഷിനില്‍. 2011 മുതല്‍ ദേശീയ ആരോഗ്യ ദൗത്യം തൃശ്ശൂരിനനുവദിച്ച ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലെ മെഡിക്കല്‍ ഓഫീസറാണദ്ദേഹം.
കാടുകേറിയുള്ള യാത്ര ദുരിതമായിരിക്കുമെന്നറിഞ്ഞിട്ടും മടികൂടാതെ ഡോ. ഷിനില്‍ ചുമതല ഏറ്റെടുത്തു. ആദ്യകാലത്ത് വാഹനമുണ്ടായിരുന്നില്ല. വൈകാതെ ഇവിടെ ഉള്ളവരുടെ സ്‌നേഹവും ആദരവും പിടിച്ചുപറ്റി, അവരുടെ കുടുംബഡോക്ടറായി. 35-ഓളം വരുന്ന ആദിവാസി മേഖലകളില്‍ എല്ലാ മാസവും സ്ഥിരം ദിവസം മെഡിക്കല്‍ ക്യാമ്പ് നടത്തിവരുന്നു. കുട്ടികള്‍ക്കുള്ള രോഗപ്രതിരോധ കുത്തിവെപ്പുകളും ബോധവത്കരണ ക്ലാസുകളും വീഴ്ച കൂടാതെ നടത്തിവരുന്നു. ചികിത്സയോട് വിമുഖത കാണിച്ച വിഭാഗങ്ങളെ ബോധവത്കരണം നടത്തിയാണ് ഒപ്പം ചേര്‍ത്തത്. ' ഇത് എങ്കളുടെ ഡാക്കിട്ടര്‍' എന്ന് പറയുന്നു ഇപ്പോള്‍ ആദിവാസികള്‍. തങ്ങളുടെ ജീവിതശൈലിക്ക് മാറ്റം വരുത്താന്‍ ഡോക്ടര്‍ വഹിച്ച പങ്ക് വളരെ വലുതാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ആമ്പല്ലൂര്‍ ഊട്ടോളി സ്വദേശിയാണ് ഡോക്ടര്‍. കൂടുതല്‍ സൗകര്യപ്രദമായ സ്ഥലങ്ങളില്‍ ജോലി സാധ്യത ഉണ്ടായിട്ടും അതൊന്നും ഇദ്ദേഹത്തെ പ്രലോഭിപ്പിച്ചില്ല. നഴ്‌സിങ് ഓഫീസര്‍, ഫാര്‍മസിസ്റ്റ്, തുടക്കം മുതല്‍ ഡ്രൈവറായ ടി.ടി. മണിലാല്‍ എന്നിവരും കൂടെയുണ്ട്.
അതിരപ്പിള്ളി, കോടശ്ശേരി, മറ്റത്തൂര്‍, വരന്തരപ്പിള്ളി, പുത്തൂര്‍, വെള്ളാനിക്കര, ഒളകര, എളനാട്, പാണഞ്ചേരി, തിരുവില്വാമല, മണിയന്‍ കിണര്‍, തുടങ്ങീ 11 പഞ്ചായത്തുകളിലായി 32 ആദിവാസി മേഖലകളാണുള്ളത്.