തിരുവനന്തപുരം വഞ്ചിയൂരില്‍ യുവതിക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ വനിതാ ഡോക്ടര്‍ അറസ്റ്റിൽ

തിരുവനന്തപുരം: വഞ്ചിയൂരില്‍ യുവതിക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ അറസ്റ്റിലായത് വനിതാ ഡോക്ടര്‍. കൊല്ലം സ്വദേശി ഡോക്ടര്‍ ദീപ്തിയാണ് പിടിയിലായത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് ഇവര്‍. ആശുപത്രിയില്‍നിന്ന് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വെടിയേറ്റ ഷിനിയോടുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

നിരീക്ഷണ ക്യാമറയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇവരെ തിരിച്ചറിഞ്ഞത്. എന്നാല്‍ കൃത്യം നടത്താന്‍ എന്താണു കാരണമെന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പ്രതിയായ സ്ത്രീ ഒറ്റയ്ക്കാണോ കൃത്യം നടത്തിയതെന്നും ആരൊക്കെ സഹായിച്ചുവെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. സാമ്പത്തിക പ്രശ്നങ്ങളാണോ കുടുംബപരമായ പ്രശ്നങ്ങളാണോ വെടിവയ്പിനു കാരണമെന്നും പൊലീസ് അനേഷിക്കുന്നുണ്ട്.
ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. വഞ്ചിയൂര്‍ ചെമ്പകശ്ശേരി സ്വദേശിനിയായ ഷിനിയെ വീട് കയറി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. ഷിനിക്ക് പാഴ്‌സല്‍ നല്‍കാനെന്ന വ്യാജേനയാണ് ദീപ്തിയെത്തിയത്. കൈയില്‍ കരുതിയിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച് മൂന്ന് തവണയാണ് ഡോക്ടര്‍ വെടിയുതിര്‍ത്തത്. ഇത് തടയാന്‍ ശ്രമിക്കവെയാണ് ഷിനിയുടെ കൈവെള്ളയില്‍ വെടിയേറ്റത്. ഷിനിയുടെ കൈവിരലിലാണ് പെല്ലറ്റ് തുളഞ്ഞുകയറിയത്. തലയും മുഖവും മറച്ചാണ് പ്രതി വീട്ടുമുറ്റത്തേക്ക് കടന്നതും അക്രമം നടത്തിയതും.