വെൺപാലവട്ടത്ത് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മേൽ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് യുവതി മരിച്ച സംഭവത്തിൽ കേസെടുക്കാനൊരുങ്ങി പൊലീസ്. സ്‌കൂട്ടർ ഓടിച്ചിരുന്ന സിനിക്കെതിരെയാണ് പൊലീസ് കേസെടുക്കുക. ഡ്രൈവർ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ മരിച്ച സിമിയുടെ സഹോദരിയാണ് സിനി.ബന്ധുവിന്റെ മൊഴി പ്രകാരമാണ് സിനിക്കെതിരെ കേസെടുക്കാനൊരുങ്ങുന്നത്. അപകടത്തിൽ പരുക്കേറ്റ സിനിയും സിമിയുടെ മൂന്നു വയസുള്ള മകൾ ശിവന്യയും പരുക്കേറ്റ് ചികിത്സയിൽ തുടരുകയാണ്. പേട്ട പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സിമിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.തിങ്കളാഴ്ച ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. സിമിയെ അപകടമുണ്ടായ ഉടൻ ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേൽപാലത്തിൽ നിന്ന് തെറിച്ച് വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.