*വെള്ളച്ചാട്ടത്തിൽ ഏഴംഗ കുടുംബം ഒലിച്ചുപോയി, 5 പേർ മരിച്ചു*

മുംബൈ: ലോണാവാലയിൽ കനത്തമഴയെ തുടർന്ന് വെള്ളച്ചാട്ടത്തിൽ അകപ്പെട്ട ഏഴംഗ കുടുംബം ഒലിച്ചുപോയി. അഞ്ച് പേർ മരിച്ചു. രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്. രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്താനുണ്ട്. പുനെ സ്വദേശികളായ ഷാഹിസ്ത അൻസാരി (36), അമീമ അൻസാരി (13), ഉമേര അൻസാരി (8) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അദ്‌നാൻ അൻസാരി (4), മരിയ സയ്യദ് (9) എന്നിവരെയാണ് കാണാതായത്. പൂനെ സിറ്റിയിലെ സയ്യദ് നഗർ പ്രദേശത്താണ് കുടുംബം താമസിക്കുന്നത്. 

ഹിൽ സ്റ്റേഷനിൽ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ഇവർ. നിരവധി വിനോദസഞ്ചാരികൾ ഈ സമയം പ്രദേശത്തുണ്ടായിരുന്നു. ഇതിനിടെ ഇവർ ബുഷി അണക്കെട്ടിന് സമീപത്തെ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങി. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയിൽ ഡാമിൽ പെട്ടെന്ന് നീരൊഴുക്ക് വർധിച്ചതോടെ വെള്ളച്ചാട്ടത്തിന്റെ ശക്തി വർധിക്കുകയായിരുന്നു. രക്ഷപ്പെടാനായി വെള്ളച്ചാട്ടത്തിന് നടുവിലെ പാറയിൽ എല്ലാവരും കയറി നിന്നെങ്കിലും ഒഴുക്ക് വർധിച്ചതോടെ പാറ മുങ്ങിപ്പോവുകയും എല്ലാവരും ഒഴുക്കിൽപ്പെടുകയുമായിരുന്നു. യാതൊരു വിധത്തിലുള്ള സുരക്ഷ മാനദണ്ഡങ്ങളും ഇല്ലാതെയാണ് ഇവർ വെള്ളച്ചാട്ടത്തിൽ ഇറങ്ങിയത്. കാണാതായ കുട്ടികളെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. അപകടത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.