ഇന്ന് രാവിലെ 7 മണി മുതൽ തെരച്ചിൽ തുടരുമെന്നാണ് പുതിയ റിപ്പോർട്ട്. പുലർച്ചെ അഞ്ചരയ്ക്ക് തെരച്ചിൽ നടപടികൾ ആരംഭിക്കും.എന്നാണ് ആദ്യം പറഞ്ഞത്. റഡാർ ഉപയോഗിച്ചായിരിക്കും തെരച്ചിൽ നടത്തുക. ബെംഗളുരുവിൽ നിന്ന് റഡാർ ഡിവൈസ് എത്തിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാർ ആണ് അപകടം നടന്ന സ്ഥലത്തേക്ക് കൊണ്ടുവരിക.
രാവിലെ തന്നെ റഡാർ ഉപകരണം സ്ഥലത്ത് എത്തിക്കാനാണ് ശ്രമം. ലോറിയുള്ള സ്ഥലം ഈ റഡാർ വഴി കണ്ടെത്താൻ കഴിഞ്ഞാൽ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും. നാവികസേന, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, പൊലീസ്, അഗ്നിശമനസേന സംഘങ്ങൾ ചേർന്നാണ് രക്ഷാദൗത്യം തുടരുക. കോഴിക്കോട്ടെ വീട്ടിൽ അര്‍ജുന് വേണ്ടി കണ്ണീരോടെ, അതിലേറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കുടുംബം. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടണമെന്ന് അര്‍ജുന്‍റെ ഭാര്യാസഹോദരന്‍ ജിതിന്‍ ആവശ്യപ്പെട്ടിരുന്നു.