വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. ചൂരല്‍മല മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. തകര്‍ന്ന വീടിനടിയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം. ചാലിയാര്‍ തീരത്ത് നിന്ന് ഇതുവരെ ലഭിച്ചത് 11മൃതദേഹമാണ് ലഭിച്ചത്. ജില്ലാ ആശുപത്രിയില്‍ 7 മൃതദേഹങ്ങളാണ് എത്തിയത്.4 മൃതദേഹങ്ങള്‍ ഇരുട്ടുകുത്തിയില്‍ ചാലിയാറിന്റെ മറുകരയിലാണ്. ചാലിയാര്‍ കടത്തി ഇക്കരക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. എന്‍ഡിആര്‍എഫ് സംഘം രക്ഷാദൗത്യത്തിനായി മുണ്ടക്കൈയില്‍ എത്തി. സൈന്യം കോഴിക്കോട് നിന്ന് തിരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ പോലീസ് എത്തും. 3 കമ്പനി പോലീസ് വയനാട്ടിലേക്ക് തിരിച്ചു. ഹൈ ആള്‍ടിറ്റുഡ് റെസ്‌ക്യു ടീമും വയനാട്ടിലേക്കെത്തുന്നുണ്ട്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാല്‍ അവിടേക്ക് എത്തിപ്പെടാന്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.വെള്ളാര്‍മല സ്‌കൂള്‍ തകര്‍ന്നു. ഇവിടെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നായും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. വെള്ളാര്‍മല സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് രാത്രി ഒരു മണിയോടെ ആളുകള്‍ ഒഴിഞ്ഞിരുന്നു. 14 കുടുംബങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ നിരവധി കടകള്‍ ഒലിച്ചു പോയിട്ടുണ്ട്. പുഴ ഗതിമാറി ഒഴുകിയതായി സൂചന. കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ സേവനം ലഭ്യമാവാന്‍ കണ്‍ട്രോള്‍ റൂം നമ്പറായ 8086010833, 9656938689 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.