ട്രോളിങ് നിരോധനം 31ന് അവസാനിക്കും…….പ്രതീക്ഷയോടെ തീരദേശമേഖല

52 ദിവസത്തെ ട്രോളിങ് നിരോധനം 31ന് അവസാനിക്കാനിരിക്കെ ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങള്‍ വീണ്ടും സജീവമാകാനുള്ള ഒരുക്കങ്ങളില്‍. ജില്ലയിലെ ഹാര്‍ബറുകളില്‍ നിന്നു മത്സ്യബന്ധനത്തിനു പോകുന്ന ആയിരത്തിലധികം യന്ത്രവല്‍കൃത ബോട്ടുകളാണ് ട്രോളിങ് നിരോധനകാലത്തു കരയ്ക്കു കയറ്റിയത്. ബേപ്പൂര്‍, പുതിയാപ്പ, ശക്തികുളങ്ങര, നീണ്ടകര തീരമേഖലകളില്‍ മത്സ്യബന്ധനത്തിനു പോകുന്ന മുഴുവന്‍ ബോട്ടുകളും കടലില്‍ പോകാനുള്ള ഒരുക്കത്തിലാണ്. ഡീസല്‍, വെള്ളം, ഐസ്, ഭക്ഷ്യവസ്തുക്കള്‍ എന്നിവ നിറച്ചു തുടങ്ങിയ ബോട്ടുകളില്‍ പുതിയ വല, ബോര്‍ഡ്, ജിപിഎസ്, വയര്‍ലെസ്, ഇക്കോസൗണ്ടര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ക്രമീകരിക്കുന്നതിന്റെ തിരക്കിലാണു തൊഴിലാളികള്‍.
ഏറെ പ്രതീക്ഷയോടെ 31ന് അര്‍ധരാത്രി മുതല്‍ ബോട്ടുകള്‍ കടലില്‍ പോകും. വറുതിയുടെ നാളുകള്‍ അതിജീവിച്ച തീരദേശമേഖല പ്രതീക്ഷയോടെ ചാകരക്കോള്‍ കാത്തിരിക്കുകയാണ്. നീണ്ടകരയിലെ പാലത്തിന് കുറുകെ ഫിഷറീസ് വകുപ്പ് അധികൃതര്‍ കെട്ടിയ ചങ്ങല 31ന്് രാത്രി 12ന് അഴിച്ചുനീക്കും.