ഇന്ന് ഓർമ്മ ദിനം. കഥാകാരൻ എന്നതിലും സാഹിത്യത്തിനും അതീതമായി അദ്ദേഹം ഒരു സ്വാതന്ത്യസമര സേനാനിയും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടും ഉള്ള മനുഷ്യൻ കൂടിയായിരുന്നു.
1930-ൽ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട് ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ് ആദ്യകാല കൃതികൾ. 'പ്രഭ' എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി.
തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം.ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും - തീവ്ര ദാരിദ്ര്യവും,മനുഷ്യ ദുരയും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. അദ്ദേഹത്തിന്റെ ഓർമ്മദിനം എന്ത് കൊണ്ട് ഇന്നത്തെ കാലഘട്ടത്തിൽ അനുസ്മരിക്കുന്നു എന്നു പറഞ്ഞാൽ ലോകം ചുറ്റുന്നതിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും, ഭിക്ഷക്കാരും, വേശ്യകളും, പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ, വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്നവർ മാത്രം നായകൻമാരാവുക, മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽ നിന്നും നോവലുകൾക്ക് മോചനം നൽകിയത് അദ്ദേഹമാണ്. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്‌ലിം സമുദായത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.അതിപ്പോ മതിലുകളായാലും പാത്തുമ്മയുടെ ആടായാലും പ്രേമലേഖനം ആയാലും, ശബ്ദങ്ങളായാലും അങ്ങനെ ആണ്, ഇന്ന് ഒരു സാമൂഹിക അന്തരീക്ഷം നോക്കുകയാണെങ്കിൽ എഴുത്തുകാരു കൂടി വരികയും വായനക്കാർ കുറയുകയും ചെയ്യുന്ന കാലഘട്ടമാണ്.എല്ലാവരും ജീവിതം എഴുതുകയും വായനകുറയുകയും ചെയ്യുന്ന ഘട്ടത്തിലാണ് ബഷീറിന്റെ കൃതികൾ നമുക്ക് ജീവിതഗന്തിയാകുന്നത്.ബഷീറിന്റെ എഴുത്തുകളെ കുറിച്ച് അദ്ദേഹം തന്നെ ഒരിക്കൽ പറഞ്ഞത് " എന്റെ എഴുത്തുകൾ വായിച്ച് ഏറ്റവും കൂടുതൽ കരഞ്ഞിട്ടുള്ളത് ഞാൻ തന്നെയാണ്.കാരണം അതെല്ലാം എന്റെ അനുഭവങ്ങൾ ആയിരുന്നു."
സുൽത്താന്റെ ഞാൻ വായിച്ച കഥകൾ
* പ്രേമലേഖനം
* ബാല്യകാലസഖി
* ന്റപ്പൂപ്പക്കൊരാനേണ്ടാർന്ന്
* ആനവാരിയും പൊൻകുരിശും
* പാത്തുമ്മയുടെ ആട്
* മതിലുകൾ
* മുച്ചീട്ടുകളിക്കാരന്റെ മകൻ
* വിഡ്ഢികളുടെ സ്വർഗ്ഗം
* ശബ്ദങ്ങൾ
* വിശ്വവിഖ്യാതമായ മൂക്ക്
* സ്ഥലത്തെ പ്രധാന ദിവ്യൻ
* വിശപ്പ്
* ഒരു ഭഗവത്ഗീതയും കുറെ മുലകളും
* മാന്ത്രികപ്പൂച്ച
* നേരും നുണയും
* ആനപ്പൂട
വൈക്കം മുഹമ്മദ് ബഷീർ : കഥകളുടെ സുൽത്താൻ