*മരണം 276 ആയി; കണ്ടെത്താനുള്ളത് 200ലേറെ പേരെ, രക്ഷാപ്രവർത്തനം അതീവ ദുഷ്കരം*

മേപ്പാടി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾ പൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 276 ആയി. ഇന്ന് 92 മൃതദേഹങ്ങൾ കൂടിയാണ് കണ്ടെടുത്തത്. 200ലേറെ പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് നാട്ടുകാർ പറയുന്നു. അതേസമ‍യം, കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. മുണ്ടക്കൈ മേഖലയിലേക്ക് പ്രവേശിക്കാൻ നിർമിച്ച താൽക്കാലിക പാലം വെള്ളത്തിൽ മുങ്ങി. സൈന്യത്തിന്‍റെ നേതൃത്വത്തിൽ ബെയ്‍ലി പാലം നിർമാണം നാളെ പൂർത്തിയാവും.തിരച്ചിലിൽ കണ്ടെടുത്ത മൃതദേഹങ്ങളും നിലമ്പൂർ മേഖലയിൽ പുഴയിൽ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങളും മേപ്പാടിയിലെ ആശുപത്രിയിലേക്കാണ് എത്തിക്കുന്നത്. ഇവിടെ വെച്ചാണ് ബന്ധുക്കൾക്ക് ഉറ്റവരുടെ ശരീരം തിരിച്ചറിയാനുള്ള അവസരമൊരുക്കുന്നത്. ഇന്ന് നിലമ്പൂരിൽ നിന്ന് മൃതദേഹങ്ങളുമായി 20 ആംബുലൻസുകൾ മേപ്പാടിയിലെത്തി. മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിന് മണ്ണുമാന്തി യന്ത്രം എത്തിച്ചപ്പോൾ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയവരും വീടുകളില്‍ കുടുങ്ങി പോയവരുമായ 1386 പേരെ രക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. ഇതില്‍ 528 പുരുഷന്മാര്‍, 559 സ്ത്രീകള്‍, 299 കുട്ടികള്‍ എന്നിവരുൾപ്പെടും. ഇവരെ ഏഴ് ക്യാമ്പുകളിലേക്ക് മാറ്റി. 90 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. വയനാട് ചുരം വഴി ഭാരവാഹനങ്ങൾ കടന്നുപോകുന്നത് നിരോധിച്ചിട്ടുണ്ട്. ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അടിവാരത്ത് പൊലീസ് തടയുന്നുണ്ട്. എന്നാൽ, കെ.എസ്.ആർ.ടി.സി ഉൾപ്പെടെ ബസ് സർവിസിന് തടസ്സമില്ല. ചൂണ്ടൽ-മേപ്പാടി റൂട്ടിൽ വാഹനങ്ങൾ കടത്തിവിടുന്നില്ല. ഇവിടെ, ആംബുലൻസുകൾക്ക് മാത്രം കടന്നുപോകാൻ വഴിയൊരുക്കിയിരിക്കുകയാണ്. മേപ്പാടി നിന്ന് അപകടമേഖലയിലേക്കും രക്ഷാപ്രവർത്തകരെയും ആംബുലൻസുകളെയും മാത്രമാണ് കടത്തിവിടുന്നത്.