ഹരാരെ: സിംബാബ്‌വെക്കെതിരെ അവസാന ടി20യിലും ഇന്ത്യക്ക് ജയം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ 42 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. 58 റണ്‍സെടുത്ത സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 18.3 ഓവറില്‍ 125ന് എല്ലാവരും പുറത്തായി. മുകേഷ് കുമാര്‍ നാലും ശിവും ദുബെ രണ്ടും വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി.ഡിയോണ്‍ മയേഴ്‌സ് (34) മാത്രമാണ് സിംബാബ്‌വെ നിരയില്‍ തിളങ്ങിയത്. തദിവനാഷെ മറുമാനി (27), ഫറസ് അക്രം (27), ബ്രയാന്‍ ബെന്നറ്റ് (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. വെസ്ലി മധവേരെ (0), സിക്കന്ദര്‍ റാസ (4), ക്ലൈവ് മഡാന്‍ദെ (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ബ്രന്‍ഡന്‍ മവുത (4), റിച്ചാര്‍ഡ് ഗവാര (0) എന്നിവരും പുറത്തായി. ബ്ലെസിംഗ് മുസറബാനി (1) പുറത്താവാതെ നിന്നു. വാഷിംഗ്ടണ്‍ സുന്ദര്‍, അഭിഷേക് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.നേരത്തെ, സഞ്ജുവൊഴികെ ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും 30നപ്പുറമുള്ള റണ്‍ നേടാന്‍ സാധിച്ചിരുന്നില്ല. ബാറ്റിംഗ്് ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. 40 റണ്‍സിന് മൂന്ന് മുന്‍നിര താരങ്ങളെ ഇന്ത്യക്ക് നഷ്ടമായി. യശസ്വി ജയ്‌സ്വാള്‍ (12), അഭിഷേക് ശര്‍മ (14), ശുഭ്മാന്‍ ഗില്‍ (13) എന്നിവരാണ് മടങ്ങിയത്. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച റിയാന്‍ പരാഗ് (24 പന്തില്‍ 22) - സഞ്ജു സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു. 15-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. 18-ാം ഓവറിലാണ് സഞ്ജു പുറത്താവുന്നത്. നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ടി20 കരിയറിലെ രണ്ടാം അര്‍ധ സെഞ്ചുറിയാണ് സഞ്ജു നേടുന്നത്. ആദ്യത്തേത് അയര്‍ലന്‍ഡിനെതിരെയായിരുന്നു. പിന്നീട് ശിവം ദുബെ (12 പന്തില്‍ 26) - റിങ്കു സിംഗിനൊപ്പം ചേര്‍ന്ന് സ്‌കോര്‍ 150 കടത്താന്‍ സഹായിച്ചു. എന്നാല്‍ ദുബെ അവസാന ഓവറില്‍ പുറത്തായി. ബ്ലെസിംഗ് മുസറബാനി സിംബാബ്‌വെക്ക് വേണ്ടി രണ്ട് വിക്കറ്റ് നേടി. പരമ്പര നേടിയതിനാല്‍ വ്യാപകമായ മാറ്റം പ്രതീക്ഷിച്ചിരുന്നുവെങ്കിലും രണ്ട് മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയത്.