ഹരാരെ: ഇന്ത്യ - സിംബാബ്‌വേ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ഹരാരെയില്‍ വൈകിട്ട് നാലരയ്ക്കാണ് കളി തുടങ്ങുക. ഇരുടീമും ഓരോ കളി ജയിച്ച് പരന്പരയില്‍ ഒപ്പത്തിനൊപ്പം ആണിപ്പോള്‍. ലോകകപ്പ് വിജയത്തിന് ശേഷം ടീമിനൊപ്പം ചേര്‍ന്ന സഞ്ജു സാംസണ്‍ ഇന്ന് ടീമിലെത്തുമെന്നാണ് പ്രതീക്ഷ. ആദ്യ രണ്ട് കളിയിലും ധ്രുവ് ജുറലായിരുന്നു വിക്കറ്റ് കീപ്പര്‍. യശസ്വീ ജയ്‌സ്വാള്‍, ശിവം ദുബേ എന്നിവരും ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യന്‍ നായകന്‍.ടീമിനൊപ്പം ചേര്‍ന്ന സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങളെ എവിടെ കളിപ്പിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സഞ്ജുവിന് പുറമെ ടീമിനൊപ്പം ചേര്‍ന്ന യശസ്വി ജയ്‌സ്വാള്‍ ഇന്ന് കളിച്ചേക്കും. ശിവം ദുബെ കാത്തിരിക്കേണ്ടിവരും. ആദ്യ മത്സരത്തില്‍ യുവതാരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ രണ്ടാം മത്സരത്തില്‍ സെഞ്ചുറിയുമായി വരവറിയിച്ച അഭിഷേക് ശര്‍മ ഓപ്പണിംഗില്‍ തുടരും. അഭിഷേകിനൊപ്പം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് ആദ്യ രണ്ട് മത്സരങ്ങളിലും ഓപ്പണ്‍ ചെയ്തതെങ്കില്‍ നാളെ മൂന്നാം ടി20യില്‍ യുവതാരം യശസ്വി ജയ്സ്വാളിന് അവസരം ഒരുങ്ങാന്‍ സാധ്യത. അങ്ങനെ വന്നാല്‍ ഗില്‍ മൂന്നാം സ്ഥാനത്ത് കളിക്കും. നാലാമനായി സഞ്ജു പ്ലേയിംഗ് ഇലവനിലെത്തും. വിക്കറ്റ് കീപ്പറും സഞ്ജുവായിരിക്കും. രണ്ടാം ടി20യില്‍ അര്‍ധ സെഞ്ചുറി നേടിയ റുതുരാജ് ഗെയ്കവാദിനും രണ്ട് മത്സരങ്ങളില്‍ വിക്കറ്റ് കീപ്പറായ ധ്രുവ് ജുറലിനും പ്ലേയിംഗ് ഇലവനില്‍ അവസരമുണ്ടാവില്ല. അഞ്ചാം സ്ഥാനത്ത് റിയാന്‍ പരാഗിന് വീണ്ടും അവസരം ലഭിക്കും. റിങ്കു സിംഗ് ഫിനിഷറായി കളിക്കുമ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ തന്നെയാവും സ്പിന്‍ ഓള്‍ റൗണ്ടറായി തുടരുക.
സ്‌പെഷലിസ്റ്റ് സ്പിന്നറായി രവി ബിഷ്‌ണോയി തുടരുമ്പോള്‍ പേസറായി മുകേഷ് കുമാറിന് പകരം തുഷാര്‍ ദേശ്പാണ്ഡെക്ക് അവസരം ലഭിച്ചേക്കും. ആവേശ് ഖാനും ഖലീല്‍ അഹമ്മദുമാകും മറ്റ് രണ്ട് പേസര്‍മാര്‍.
സിംബാബ്വെക്കെതിരെ മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, റിയാന്‍ പരാഗ്, സഞ്ജു സാംസണ്‍, റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അവേഷ് ഖാന്‍, തുഷാര്‍ ദേശ്പാണ്ഡെ, ഖലീല്‍ അഹമ്മദ്.