ഈ തുക എങ്ങനെയെല്ലാമാണ് വീതിച്ചുനല്‍കുന്നത് എന്ന ആകാംക്ഷയിലാണ് പല ആരാധകരും. 125 കോടി രൂപ ആര്‍ക്കെല്ലാമാണ് വീതിച്ചു നല്‍കുക? താരങ്ങള്‍ക്ക് എത്ര രൂപ വീതം ലഭിക്കും? ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും കളത്തിലിറങ്ങാത്ത മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനത്തുകയില്‍ കുറവുണ്ടാകുമോ? എന്നെല്ലാമുള്ള സംശയങ്ങള്‍ക്ക് മറുപടിയായി.ലോകകപ്പിന് പോയ ഇന്ത്യന്‍ സംഘത്തില്‍ ആകെ 42 പേരാണ് ഉണ്ടായിരുന്നത്. ടീമംഗങ്ങളായ 15 താരങ്ങള്‍ക്ക് അഞ്ച് കോടി രൂപ വീതം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് ടൂര്‍ണമെന്റില്‍ ഒരു മത്സരത്തില്‍ പോലും കളിക്കാത്ത മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍, യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാള്‍, ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ക്ക് മറ്റുതാരങ്ങള്‍ക്ക് ലഭിക്കുന്ന തുക തന്നെ ലഭിക്കും.
അതേസമയം നാല് റിസര്‍വ് താരങ്ങളായ ബാറ്റ്സ്മാന്‍മാരായ റിങ്കു സിങ്, ശുഭ്മാന്‍ ഗില്‍, ഫാസ്റ്റ് ബോളര്‍മാരായ അവേശ് ഖാന്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്ക് ഒരു കോടി രൂപ വീതമാണ് ലഭിക്കുക. ടീമിന്റെ മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള കോച്ചിങ് സ്റ്റാഫുകള്‍ക്ക് 2.5 കോടി രൂപ ലഭിക്കുമെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാറ്റിങ് കോച്ച് വിക്രം റാത്തോറിനും ഫീല്‍ഡിങ് കോച്ച് ടി ദിലീപിനും ബൗളിങ് കോച്ച് പരസ് മാംഭ്രേയ്ക്കും 2.5 കോടി രൂപ വീതം കിട്ടും. സീനിയര്‍ സെലക്ഷന്‍ കമ്മിറിറിയിലെ ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ ഉള്‍പ്പെടുന്ന അഞ്ച് അംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കുമെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മൂന്ന് ഫിസിയോതെറാപ്പിസ്റ്റുകള്‍, മൂന്ന് ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റുകള്‍, രണ്ട് മസാജര്‍മാര്‍, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ച് എന്നിവര്‍ക്ക് രണ്ട് കോടി രൂപ വീതം ലഭിക്കും. ടീമിന്റെ വീഡിയോ അനലിസ്റ്റ്, മീഡിയ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ടീമിനൊപ്പം യാത്ര ചെയ്ത ബിസിസിഐ സ്റ്റാഫ് അംഗങ്ങള്‍, ടീമിന്റെ ലോജിസ്റ്റിക് മാനേജര്‍ എന്നിവര്‍ക്കും പാരിതോഷികം നല്‍കുമെന്നാണ് വിവരം. ബിസിസിഐയ്ക്കു പുറമേ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും ടീമിന് 11 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.