കനത്ത മഴ; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കൊച്ചി: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടി നാളെ അവധി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ 11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് പുതുതായി അവധി പ്രഖ്യാപിച്ചത്. നേരത്തെ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരുന്നു.കാസർഗോഡ് ജില്ലയില്‍ പ്രൊഫഷണൽ കോളേജുകൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ കെ ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്ന് കളക്ടർ അറിയിച്ചു.വയനാട് ജില്ലയിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. പിഎസ്‌സി പരീക്ഷയ്ക്കും മാറ്റം ഉണ്ടായിരിക്കില്ല.

മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി ആർ വിനോദ് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്.കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുന്നസാഹചര്യത്തിൽ, ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

തൃശൂര്‍ ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍/ കോഴ്‌സുകള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.പത്തനംതിട്ടയില്‍ പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, കിൻറർഗാർട്ടൻ, മദ്രസ്സ, ട്യൂഷൻ സെൻ്റർ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (31.07.2024) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല.
 ടർഫുകളിലും മറ്റു കളിക്കളങ്ങളിലും കളികളിൽ ഏർപ്പെടുന്നതിൽ നിന്നും പാലത്തിനും ജലാശയങ്ങൾക്കും സമീപം സെൽഫി എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതിൽ നിന്നും സുരക്ഷാ കാരണങ്ങളാൽ ഏതാനും ദിവസം വിട്ടുനിൽക്കേണ്ടതാണ്. കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്.
നഷ്ടമാവുന്ന അധ്യയന ദിനങ്ങൾക്ക് പകരം പ്രവർത്തിദിനങ്ങൾ വിദ്യാഭ്യാസ വകുപ്പ് ക്രമീകരിക്കേണ്ടതാണെന്നും കളക്ടർ അറിയിച്ചു.ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വിവിധ താലൂക്കുകളിലെ നിരവധി സ്‌കൂളുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും ആലപ്പുഴ ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.