കനത്ത മഴ: കാസര്‍കോടും കോട്ടയത്തും അവധി, 10 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കോട്ടയം ജില്ലകളിലും കണ്ണൂര്‍ ജില്ലയിൽ പൂര്‍ണമായും ഇന്ന് രാവിലെയാണ് അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയില്‍ ഇന്നലെ പ്രഖ്യാപിച്ചതിൽ നിന്ന് വ്യത്യസ്തമായി പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമായിരിക്കും. തൃശൂര്‍, വയനാട്, പാലക്കാട്, എറണാകുളം, മലപ്പുറം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം എന്നീ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അതാത് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.

അവധി അറിയിപ്പുകള്‍


കോട്ടയം 

ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ചൊവ്വ, ജൂലൈ 30) ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

കാസർകോട്

കാസറകോട് ജില്ലയിൽ മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ കോളേജുകൾ, ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല


കോഴിക്കോട്

ജില്ലയിൽ ശക്തമായ മഴയുള്ളതിനാലും നദികളിലെ ജലനിരപ്പ് ഉയർന്നതിനാലും കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (30-07-2024) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.


കണ്ണൂർ 

മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച (30.07.2024) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.

മലപ്പുറം

ജില്ലയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ് ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്‍ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. പരീക്ഷകളെ ബാധിക്കില്ല. 


ഇടുക്കി 

കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി ചൊവ്വാഴ്ച (30.7.2024) ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി വിഘ്നേശ്വരി അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസ, കിൻഡർഗാർട്ടൻ എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷൻ സെൻററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല . പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല.

എറണാകുളം

ശക്തമായ മഴയും കാറ്റും ഉള്ള സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വ (ജൂലൈ 30) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

തൃശൂര്‍

തൃശൂർ ജില്ലയിൽ ശക്തമായി മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ഇന്ന് (ജൂലൈ 30) ജില്ലയിലെ അംഗൺവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. മുഴുവൻ വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക്/ കോഴ്സുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല.

വയനാട്

വയനാട് ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30) ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. പി.എസ്‌.സി പരീക്ഷയ്ക്കും മാറ്റം ഉണ്ടായിരിക്കില്ല.

പാലക്കാട് 

കനത്ത കാലവർഷത്തിന്‍റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അംഗണവാടികൾ, കിൻറർഗാർട്ടൻ, മദ്രസ്സ, ട്യൂഷൻ സെൻ്റർ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ജൂലൈ 30) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല.  

കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. മേഖല, ജില്ലാതലങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച പാഠ്യ, പാഠ്യേതര പരിപാടികൾ നടത്തുന്നുണ്ടെങ്കിൽ സംഘാടകർ ഔദ്യോഗികാനുമതി വാങ്ങേണ്ടതും വിദ്യാർത്ഥികളുടെ പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുമാണ്.