ജിയോ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; മൊബൈൽ റീചാർജ് നിരക്കുകളിൽ വൻ വർദ്ധനവ്

മൊബൈൽ റീചാർജ് നിരക്കുകൾ കുത്തനെ കൂട്ടാനൊരുങ്ങി റിലയൻസ് ജിയോ.12 മുതൽ 27 ശതമാനം വരെ വർധനവിനാണ് കമ്പനിയുടെ നീക്കം. ജൂലൈ മൂന്ന് മുതൽ നിരക്ക് വർധിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. അൺലിമിറ്റഡ് 5ജി സേവനങ്ങളിലും ജിയോ മാറ്റം വരുത്തിയിട്ടുണ്ട്.

റിലയൻസ് ജിയോ രണ്ടര വർഷത്തിന് ശേഷമാണ് സേവനനിരക്കുകളിൽ മാറ്റം വരുത്തുന്നത്. ഡാറ്റ ആഡ് ഓൺ പാക്കിന്റെ നിരക്ക് 15 രൂപയിൽ നിന്നും 19 രൂപയാക്കിയാണ് ഉയർത്തിയിരിക്കുന്നത്. 27 ശതമാനമാണ് പ്ലാനിൽ വർദ്ധനവ് വന്നിരിക്കുന്നത്.ഇനി മുതൽ 2 ജി.ബി ഡാറ്റ ലഭിക്കുന്ന പ്രതിദിന പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്നവർക്ക് മാത്രമേ അൺലിമിറ്റഡ് 5ജി ഡാറ്റ കിട്ടു. മുമ്പ് ഒന്നര ജി.ബി ഡാറ്റ ലഭിക്കുന്ന പ്രതിദിന പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്തവർക്കും ഈ സൗകര്യം ലഭിക്കുമായിരുന്നു.

ജിയോയുടെ 75 ജി.ബിയുടെ പോസ്റ്റ്പെയ്ഡ് പാക്ക് 399 രൂപയുണ്ടായിരുന്നത് 449 രൂപയാക്കി വർധിപ്പിച്ചു. 666 രൂപയുടെ അൺലിമിറ്റഡ് പ്ലാനിൽ 20 ശതമാനം വർധന വരുത്തി 799 രൂപയാക്കിയിട്ടുണ്ട്. 1,559 രൂപയുടെ പ്ലാൻ 1,899 രൂപയാക്കിയും 2,999 രൂപയുടേത് 3,599 രൂപയാക്കിയും കൂട്ടി. 20 മുതൽ 21 ശതമാനത്തിന്റെ വ​രെ വർധനയാണ് പ്ലാനുകളിൽ വരുത്തിയിരിക്കുന്നത്.