ആറ്റിങ്ങൽ : സർക്കാർ ജീവനക്കാർ അവകാശങ്ങൾ നേടിയെടുക്കാൻ ശബ്ദമുയർത്തുമ്പോൾ തന്നെ കടമകൾ മറക്കാനും പാടില്ലായെന്ന് ജോയിൻ്റ് കൗൺസിൽ സംസ്ഥാന ട്രഷറർ കെ.പി.ഗോപകുമാർ അഭിപ്രായപ്പെട്ടു. ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ സമ്മേളനം കാനം രാജേന്ദ്രൻ നഗറിൽ (സഹകരണ ഭവൻ ഹാൾ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആ നിലപാട് മുൻനിറുത്തിയാണ് ജോയിൻ്റ് കൗൺസിൽ മുന്നോട്ടു പോകുന്നത്. ശമ്പളവും പെൻഷനും സറണ്ടർ ആനുകൂല്യവും സംരക്ഷിക്കാനും അർഹതപ്പെട്ട മറ്റ് ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാനും ശക്തമായ പ്രക്ഷോഭങ്ങൾ നടത്താൻ നിരന്തരമായ പ്രതിഷേധം സംഘടിപ്പിച്ചു. പെൻഷൻ കവർന്നെടുത്ത പങ്കാളിത്ത പെൻഷനെതിരെ ജീവനക്കാരെയാകെ അണിനിരത്തി പ്രക്ഷോഭവും സുപ്രീം കോടതി വരെ നിയമപോരാട്ടവും നടത്തി.
കേരളത്തിലെ എൽഡിഎഫ് സർക്കാർ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന പ്രഖ്യാപനം നടത്തിയതിൻ്റെ പിന്നിൽ ജോയിന്റ് കൗൺസിൽ നടത്തിയ നിരന്തര പ്രക്ഷോഭവും ഇടപെടലുകളുമാണെന്ന് അദ്ദേഹം
ചൂണ്ടിക്കാട്ടി.
പുതിയ ശമ്പള പരിഷ്ക്കരണം നടപ്പിലാക്കേണ്ട പ്രാബല്യ തീയതി 2024 ജൂലൈ ഒന്ന് ആണ്. അഞ്ച് വർഷ ശമ്പള പരിഷ്ക്കരണതത്വം അനുസരിച്ച് പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണം അടിയന്തിരമായി നടപ്പിലാക്കാനാവശ്യമായ സത്വര നടപടികൾ ഗവൺമെൻ്റ് സ്വീകരിക്കുകയും ചെയ്യണം. അതിനായി ജൂലൈ ഒന്നിന് ന് സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും ജോയിന്റ് കൗൺസിൽ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതു പോലെ പ്രധാനമാണ് കടമകളും. ആ കടമകൾ നിർവ്വഹിക്കാൻ ജോയിൻ്റ് കൗൺസിൽ പ്രവർത്തകർ മാതൃകയായി മാറണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. പരിസ്ഥിതിയെ സംരക്ഷിക്കാനും സാമൂഹിക വികസനം സാധ്യമാക്കാൻ അഴിമതിരഹിതമായി സർക്കാർ ജീവനക്കാരെയും സർവ്വീസിനെയും മാറ്റി തീർക്കാൻ ജനപക്ഷ സിവിൽസർവ്വീസ് എന്ന ആശയം കരുതലോടെ മുന്നോട്ടു കൊണ്ടു പോകാൻ കഴിയുന്ന തരത്തിലുള്ള കടമകളും നിർവ്വഹിക്കപ്പെടണമെന്ന് കെ.പി ഗോപകുമാർ പറഞ്ഞു.
ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ പ്രസിഡന്റ് സുബിൻ
അധ്യക്ഷത വഹിച്ചു.
ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർപേഴ്സൺ എം.എസ് സുഗൈതകുമാരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.ബാലകൃഷ്ണൻ, കെ.സുരകുമാർ,ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല, ജില്ലാ ട്രഷറർ ആർ.സരിത, സംസ്ഥാന വനിതാ കമ്മിറ്റി അംഗം ബിജിന.ഡി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഷാഫി, ജില്ലാ കമ്മിറ്റി അംഗം സന്തോഷ്.വി,മേഖലാ കമ്മിറ്റി അംഗം ഷംനഎന്നിവർ സംസാരിച്ചു.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് കൊണ്ട് സർക്കാർ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള "അഷ്വേർഡ് പെൻഷൻ" സംബന്ധിച്ച വിശദവിവരങ്ങൾ അടിയന്തിരമായി സർവ്വീസ് സംഘടനകളുമായി ചർച്ച ചെയ്ത് നടപ്പാക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, 11-ാം ശമ്പള പരിഷ്ക്കരണ ആനുകൂല്യ കുടിശ്ശിക തുക പൂർണ്ണമായും അനുവദിക്കുക, 2024 ജൂലൈ ഒന്നു മുതൽ ജീവനക്കാർക്ക് ലഭ്യമാകേണ്ട 12-ാം ശമ്പള പരിഷ്ക്കരണത്തിൻ്റെ നടപടികൾ അടിയന്തിരമായി ആരംഭിക്കുക എന്നീ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
മികച്ച സേവനം കാഴ്ചവച്ച ജീവനക്കാരെയും, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കളെയും, വിരമിച്ച ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു.
മേയ് 31ന് റവന്യു വകുപ്പിൽ നിന്നും വിരമിച്ച സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റ്റി. വേണു, കെ.സുരകുമാർ എന്നിവർക്ക് ചടങ്ങിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർപേഴ്സൺ എം.എസ് സുഗൈതകുമാരി സ്നേഹോപഹാരം സമ്മാനിച്ചു.
ആറ്റിങ്ങൽ മേഖലാ കമ്മിറ്റി ഭാരവാഹികളായി ലിജിൻ (പ്രസിഡന്റ്), വർക്കല സജീവ് (സെക്രട്ടറി), ദിലീപ് കുമാർ
(ട്രഷറർ)എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
*ചിത്രം -- ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ സമ്മേളനം സംസ്ഥാന ട്രഷറർ കെ.പി ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു*
(Mob. No. 97451 19820)