ഇന്ന്സ്കൂളിലെത്തുന്ന കുട്ടികളെ കാത്തിരിക്കുന്നത് കിടിലൻ സർപ്രൈസ്; മേരിയാൻ ജന്മം നൽകിയത് സുന്ദരിയായ ഒരു പെൺകുഞ്ഞിന്

 കോലഞ്ചേരി: കിഴക്കമ്പലം സെന്റ് ആന്റണീസ് പബ്ളിക് സ്കൂളിലെ കുതിര ഒരു പെൺകുഞ്ഞിന് ജന്മംനൽകി. സ്കൂളിലെ കുട്ടികളുടെ പ്രിയങ്കരിയായ മേരിയാൻ എന്ന വെള്ളക്കുതിരയാണ് പ്രസവിച്ചത്. ശനിയാഴ്ച വൈകിട്ട് നാല് മണിക്കാണ് സ്കൂൾ ​ഗ്രൗണ്ടിൽവച്ച് കുതിര പ്രസവിച്ചത്.

എട്ടുമാസം മുമ്പാണ് മേരിയാൻ സെന്റ് ആന്റണീസ് പബ്ളിക് സ്കൂളിലെത്തുന്നത്. വിദ്യാർത്ഥികളെ കുതിര സവാരി പഠിപ്പിക്കാനായാണ് മാനേജ്മെന്റ് ഈ വെള്ളക്കുതിരയെ വാങ്ങിയത്. കണ്ണൂരിൽ നിന്നാണ് 80,​000 രൂപയ്ക്ക് നാലു വയസുള്ള കുതിരയെ വാങ്ങിയത്. സ്കൂളിനായതുകൊണ്ട് വിലകുറച്ച് ലഭിച്ചതാണ്. അപ്പോൾ ഗർഭിണിയാണെന്ന് അറിയില്ലായിരുന്നു. നാലരയടി ഉയരമുള്ള മേരിയാൻ ആരോടും എളുപ്പം ഇണങ്ങും. അനുസരണ ശീലവുമുണ്ട്.

സെക്യൂരിറ്റിക്കാരായ അനിലും അലക്സും മറ്റ് ജീവനക്കാരുമാണ് കുട്ടികളെ പരിശീലനത്തിന് സഹായിക്കുക. സ്കൂളിലെ 1200 കുട്ടികൾക്കും അവൾ പ്രിയങ്കരിയാണ്.അടുത്തിടെയാണ് മേരിയാന്റെ ഗർഭാലസ്യം ശ്രദ്ധയിൽപ്പെട്ടത്. അതിനുശേഷം സവാരിക്ക് വി​ടാതെ സമ്പൂർണ വിശ്രമം നൽകി. ശനിയാഴ്ച സ്കൂളിനു മുന്നിലുള്ള ഗ്രൗണ്ടിലെ പ്രസവവും അപ്രതീക്ഷി​തമായിരുന്നു. മേരിയാനെയും കുഞ്ഞിനെയും കാണാൻ സന്ദർശകർ നിരന്തരം വരുന്നുണ്ട്.

സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് അരീക്കൽ പറയുന്നതിനപ്പുറം പോകില്ല മേരിയാൻ. അച്ചനെ കണ്ടാലോ, കാറിന്റെ ശബ്ദം കേട്ടാലോ ഓടിയെത്തും. പ്രസവാനന്തരം പക്ഷേ, ആൾ അല്പം ദേഷ്യക്കാരിയാണ്. കുഞ്ഞിനെ കണ്ടുരസിക്കുന്നവരോട് പരുഷമായാണ് മേരിയാന്റെ പെരുമാറ്റം. ഇഷ്ടപ്പെട്ട കപ്പലണ്ടി മിഠായി കൊടുത്താൽ പ്പോലും അത്ര പ്രിയമല്ല. നെറ്റിയിൽ പുള്ളിയുള്ള കാപ്പികളറിലെ സുന്ദരിപ്പെൺകുഞ്ഞിനെ അടുത്തുനിന്ന് നോക്കാൻ പോലും ആരെയും അവൾ അനുവദിക്കുന്നില്ല.

നിരവധി അലങ്കാരപ്പക്ഷികളെയും മുയൽ, ഇഗ്വാന തുടങ്ങിയ മറ്റ് ജീവികളെയും സ്കൂളിൽ വളർത്തുന്നുണ്ട്. 160 ഇനം ആയുർവേദ ചെടികളുടെ തോട്ടവും അലങ്കാരമത്സ്യങ്ങളെ വളർത്തുന്ന അക്വേറിയങ്ങളും ഇവിടെയുണ്ട്.