പുനലൂർ:കനത്ത മഴയെ തുടർന്ന് ആര്യങ്കാവ് പാലരുവി ജലപാതം താത്കാലികമായി അടച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സഞ്ചാരികൾക്ക് വെള്ളച്ചാട്ടത്തിലേക്ക് നിരോധനമേർപ്പെടുത്തിയത്. മഴ കുറഞ്ഞാൽ ബുധനാഴ്ച ഉച്ചമുതൽതന്നെ വീണ്ടും സഞ്ചാരികളെ പ്രവേശിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. കനത്ത മഴയിൽ ചൊവ്വാഴ്ച വെള്ളച്ചാട്ടത്തിൽ ഒഴുക്ക് ശക്തിപ്പെട്ടിരുന്നു.
കലങ്ങിമറിഞ്ഞ വെള്ളത്തിനൊപ്പം ചെറിയ കല്ലുകളും മരച്ചില്ലകളും ഒഴുകിയെത്തി. അതിനാൽതന്നെ വെള്ളച്ചാട്ടത്തിനു തൊട്ടുതാഴെ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിനുപകരം കൽപ്പടവുകൾ ആരംഭിക്കുന്ന ഭാഗത്ത് സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ കുളിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ ഈഭാഗങ്ങളിലേക്ക് ഒഴുക്കു വർധിച്ചതോടെ ഉച്ചയോടെ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തുകയായിരുന്നു.