ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ: ട്വന്റി 20 ലോകകപ്പില്‍ അഫ്ഗാന്‍ പോരാട്ടത്തിന് അവസാനം. സെമിയില്‍ റാഷിദ് ഖാനെയും സംഘത്തിനെയും ഒമ്പത് വിക്കറ്റിന് വീഴ്ത്തി ദക്ഷിണാഫ്രിക്ക ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് വെറും 56 റണ്‍സ് മാത്രമാണ് നേടാനായത്. 10 റണ്‍സെടുത്ത അസമുത്തുള്ള ഒമര്‍സായി ഒഴികെ മറ്റാര്‍ക്കും രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല. എക്‌സ്ട്രാ ഇനത്തില്‍ 13 റണ്‍സ് വിട്ടുനല്‍കിയ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരാണ് അഫ്ഗാനെ 50 കടത്തിയത്.മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയുടെ തുടക്കവും മോശമായിരുന്നു. അഞ്ച് റണ്‍സുമായി ക്വിന്റണ്‍ ഡി കോക്ക് പുറത്തായി. ഫസല്‍ഹഖ് ഫറൂഖിക്കാണ് വിക്കറ്റ്. പതിയെ റീസ ഹെന്‍ഡ്രിക്‌സും എയ്ഡാന്‍ മാക്രവും കളം പിടിച്ചു. പിന്നാലെ വേഗം കൂട്ടിയ ദക്ഷിണാഫ്രിക്ക 8.5 ഓവറിൽ ലക്ഷ്യത്തിലെത്തി.ഹെൻഡ്രിക്സ് 29 റൺസോടെയും മാക്രം 23 റൺസോടെയും പുറത്താകാതെ നിന്നു. ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ട്വന്റി 20 ലോകകപ്പിന്റെ ഫൈനൽ കളിക്കുന്നത്. ലോകകപ്പ് ചരിത്രത്തിലും ദക്ഷിണാഫ്രിക്കയുടെ ആദ്യ ഫൈനലാണിത്. മുമ്പ് 1998ൽ നേടിയ ചാമ്പ്യൻസ് ട്രോഫി മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ള ഏക ഐസിസി കിരീടം. ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെ എയ്ഡൻ മാക്രവും സംഘവും കലാശപ്പോരിൽ നേരിടും.