'ഗംഗ ഇപ്പൊ പോവണ്ട...' മണിച്ചിത്രത്താഴ് റീ റിലീസ്, ആവേശത്തിൽ ആരാധകർ

എത്ര കണ്ടാലും മതി വരാത്ത, മടുക്കാത്ത നിരവധി ചിത്രങ്ങൾ ഉണ്ട്. അത്തരത്തിൽ മലയാളികൾ നെഞ്ചോട് ചേർത്ത് വെച്ചിരിക്കുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. തമിഴിന് പിന്നാലെ മലയാളത്തിലും റീ റീലീസ് ട്രെൻഡ് പിടിച്ചു വരുകയാണ്. മണിച്ചിത്രത്താഴ് റീ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും എന്നായിരിക്കും എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ലായിരുന്നു.

പുത്തൻ സാങ്കേതികവിദ്യയിൽ ഫോർകെ അറ്റ്മോസിൽ ആണ് മണിച്ചിത്രത്താഴ് വീണ്ടും എത്താൻ ഒരുങ്ങുന്നത്. ഇപ്പോഴിതാ റിലീസ് സംബന്ധിച്ച അപ്ഡേറ്റുകളാണ് പുറത്തുവരുന്നത്. ചിത്രം 2024 ജൂലൈ 12ന് റീ റിലീസ് ചെയ്യുമെന്നാണ് അനൗദ്യോ​ഗിക വിവരം. എന്നാൽ ഓഗസ്റ്റ് 17ന് റിലീസ് ചെയ്യുമെന്നും ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിവരത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.1993ൽ ഫാസിലിന്റെ സംവിധാനത്തിലാണ് മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ​ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെ പിഎസി ലളിത തുടങ്ങിയവർ കസറിയപ്പോൾ ​ഗം​ഗ, നാ​ഗവല്ലി എന്നീ കഥാപാത്രങ്ങളായി എത്തി ശോഭന പ്രകടനത്തിൽ അമ്പരപ്പിച്ചിരുന്നു. മലയാളത്തിലെ വൻ ഹിറ്റിന് പിന്നാലെ മണിച്ചിത്രത്താഴ് ഇതര ഭാഷകളിൽ റീമേക്ക് ചെയ്തിരുന്നു. എന്നാൽ മലയാളത്തിലെ മണിച്ചിത്രത്താഴിനോളം ആ സിനിമകൾക്ക് ശോഭിക്കാൻ സാധിച്ചിരുന്നില്ല എന്നത് വാസ്തവമാണ്.