ട്രെയിനില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാറുണ്ടോ? സൂക്ഷിച്ചോളൂ, ഇനി കിട്ടുക 'എട്ടിന്‍റെ പണി

ടിക്കറ്റ് എടുക്കാതെ നിരവധി ട്രെയിന്‍യാത്രക്കാര്‍ എസി കോച്ചില്‍ വരെ യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികളാണ് സമീപകാലത്ത് ഉയരുന്നത്. വന്ദേഭാരതിലടക്കം ഇത്തരത്തില്‍ യാത്രക്കാര്‍ സഞ്ചരിച്ചതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ടിക്കറ്റ് എടുക്കാതെ ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങുകയാണ് റെയില്‍വേ.

ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ കനത്ത പിഴ ചുമത്താനും നടപടികള്‍ സ്വീകരിക്കാനും റെയില്‍വേ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തില്‍ മാത്രം ഈസ്റ്റേണ്‍ റെയില്‍വേ ഇത്തരത്തില്‍ പിഴയായി ഈടാക്കിയിട്ടുള്ളത് ഏഴരക്കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസേന 25 ലക്ഷത്തോളം രൂപ പിഴയായി ലഭിക്കാറുണ്ടെന്ന് റയില്‍വേ അറിയിച്ചു. മെയ് മാസത്തില്‍ മാത്രം ഈസ്റ്റേണ്‍ റെയില്‍വേയുടെ കര്‍ശന പരിശോധനയില്‍ 1,80,900 പേര്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിടിയിലായിട്ടുണ്ട്. ഈസ്റ്റേണ്‍ റെയില്‍വേ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മെയ് മാസത്തെ പിഴ ശേഖരം 7,57,30,000 രൂപയാണ്.ഏറ്റവും ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമായ യാത്രയാണ് ട്രെയിന്‍ യാത്രയെന്നും അത് നല്ല രീതിയില്‍ ഉപയോഗിക്കണമെന്നും ഈസ്റ്റേണ്‍ റെയില്‍വേയുടെ സിപിആര്‍ഒ കൗശിക് മിത്ര പറഞ്ഞു. റോഡിലൂടെ യാത്ര ചെയ്താല്‍ കുറഞ്ഞത് 6-7 മടങ്ങ് കൂടുതല്‍ പണം നല്‍കേണ്ടിവരുമെന്ന കാര്യം യാത്രക്കാ രോട് സംവദിക്കാന്‍ ശ്രമിക്കുകയാണെും അദ്ദേഹം പറഞ്ഞു.