ഒന്നര പതിറ്റാണ്ട് കാലത്തെ ക്രിക്കറ്റ് ജീവിതത്തിന് അവസാനം; ഡേവിഡ് വാർണർ വിരമിച്ചു

ആന്റി​ഗ്വ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഡേവിഡ് വാർണർ. 15 വർഷം നീണ്ട കരിയറിനാണ് ഓസ്ട്രേലിയൻ ഓപ്പണർ വിരാമമിട്ടത്. ട്വന്റി 20 ലോകകപ്പിന്റെ സൂപ്പർ എട്ടിൽ ഓസ്ട്രേലിയ പുറത്തായതോടെയാണ് വാർണറിന്റെ ക്രിക്കറ്റ് ജീവിതത്തിനും അവസാനമാകുന്നത്. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ നിന്ന് താരം നേരത്തെ തന്നെ വിരമിച്ചിരുന്നു. അവസാന മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ആറ് റൺസെടുത്ത് വാർണർ പുറത്തായി.


ആദം ​ഗിൽക്രിസ്റ്റ്-മാത്യൂ ഹെയ്ഡൻ സഖ്യം വിരമിച്ചപ്പോൾ ഓസ്ട്രേലിയയ്ക്ക് ലഭിച്ച എക്കാലത്തെയും മികച്ച ഓപ്പണറായിരുന്നു വാർണർ. 2023ൽ ഏകദിന ലോകകപ്പും ടെസ്റ്റ് ചാമ്പ്യൻഷിപ്പും 2021ൽ ട്വന്റി 20 ലോകകപ്പും നേടി സമ്പൂർണനായാണ് വാർണർ വിരമിക്കുന്നത്. 2015 ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിലും വാർണർ അം​ഗമാണ്.2016ൽ ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ ചാമ്പ്യനാക്കിയത് വാർണറിലെ നായകമികവാണ്. 112 ടെസ്റ്റുകളും 161 ഏകദിനങ്ങളും 110 ട്വന്റി 20യിലും ഓസ്ട്രേലിയൻ ഓപ്പണർ കളിച്ചിട്ടുണ്ട്. മൂന്ന് ഫോർമാറ്റുകളിലുമായി 18,895 റൺസാണ് ഡേവിഡ് വാർണറിന്റെ സമ്പാദ്യം.