കർമ്മപഥത്തിൽ ഒന്നിച്ചു ചുവട് വെച്ച് സഹോദരങ്ങൾ

ഒരേ റാങ്ക് ലിസ്റ്റിലൂടെ ജോലി ലഭിച്ച് ഒരേ ദിവസം പരിശീലനം ആരംഭിച്ച് ഒരേ ദിവസം പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത് പോലീസ് സേനയുടെ ഭാഗമായ സഹോദരീസഹോദരന്‍മാരുടെ കഥ കൊല്ലം ജില്ലയില്‍ നിന്നാണ്. 

കൊല്ലം കൊട്ടാരക്കര താലൂക്കിലെ മേലില സ്വദേശി പരേതനായ പ്രഭാകരന്‍ പിള്ളയുടേയും കാഞ്ചനയുടേയും മക്കളായ രേവതി കെ.പിയും രോഹിത് പി.കെയുമാണ് ഒരേ ദിവസം കേരള പോലീസിലേക്ക് ചുവടുവെച്ച് കയറിയത്. 2024 ജൂണ്‍ രണ്ടിന് തൃശ്ശൂര്‍ കേരള പോലീസ് അക്കാദമിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയായി എത്തിയ പാസിംഗ് ഔട്ട് പരേഡില്‍ ഇരുവരും ഒന്നായി പ്രതിജ്ഞയെടുത്ത് സേനയുടെ ഭാഗമായി. 
 
ബി. എ. എക്കണോമിക്സ് ബിരുദധാരിയായ രേവതി കോവിഡ് മഹാമാരിക്ക് ശേഷം സര്‍ക്കാര്‍ ജോലി എന്ന ലക്ഷ്യവുമായി പി.എസ്.സി. പഠനം ആരംഭിച്ചു. സഹോദരിയുടെ പ്രേരണയില്‍, ബി.കോം ബിരുദധാരിയായ സഹോദരന്‍ രോഹിത്തും പഠനത്തില്‍ കൂടെക്കൂടി. സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്കുള്ള പി.എസ്.സി. പരീക്ഷയില്‍ രോഹിത്ത് 120-ാം റാങ്ക് കരസ്ഥമാക്കിയപ്പോള്‍ രേവതി 114-ാം റാങ്ക് നേടി. ഇരുവരും ഒരേദിവസം കേരള പോലീസ് അക്കാദമിയില്‍ പരിശീലനത്തിനായി പ്രവേശിച്ചു. 
 
ഒന്‍പതു മാസത്തെ പരിശീലനത്തിനു ശേഷം സഹോദരങ്ങള്‍ ഒരേദിവസം ജനസേവനത്തിനായി, നിയമപരിപാലനത്തിനായി കേരള പോലീസിലേയ്ക്ക്.... ഇനിയും ഒന്നായിത്തന്നെ കര്‍മ്മപഥത്തില്‍ മുന്നേറാന്‍ ആശംസകൾ.... മീഡിയ 16ന്യൂസ്‌