തിരുവനന്തപുരം: കെ എസ് ആർ ടി സി ഡ്രൈവിംഗ് സ്കൂളുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉന്നത നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം എന്ന ലക്ഷ്യത്തോടെയാണ് കെ എസ് ആർ ടി സി യുടെ ഡ്രൈവിംഗ് സ്കൂളുകൾ ജനങ്ങളിലേക്ക് എത്തുന്നത്.സംസ്ഥാനത്ത് ആകെ 23 സ്ഥലങ്ങളാണ് ഡ്രൈവിംഗ് സ്കൂളൂകൾക്കായി കെ എസ് ആർ ടി സി കണ്ടെത്തിയത്. ഹെവി വാഹനങ്ങൾക്ക് ഉള്ള ലൈസൻസിന് ഉൾപ്പെടെ പരിശീലനം നൽകും. ഡ്രൈവിംഗ് സ്റ്റിമുലേറ്റർ ഉൾപ്പടെയുള്ള ആധുനിക പരിശീലന സംവിധാനങ്ങളാണ് കെ എസ് ആർ ടി സി ഡ്രൈവിംഗ് സ്കൂളുകളിൽ ഉണ്ടാവുക. അതിനൊപ്പം സ്വകാര്യ സ്ഥാപനങ്ങളെക്കാൾ 40% വരെ ഇളവ് നൽകിയായിരിക്കും ഡ്രൈവിംഗ് പരിശീലനം.
പ്രാക്ടിക്കൽ ക്ലാസിനോടൊപ്പം തിയറിയും ഉണ്ടാകും. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ ആനയറ സ്റ്റേഷനു സമീപത്താണ് പഠനത്തിനായി ട്രാക്ക് ഒരുക്കിയിരിക്കുന്നത്. അട്ടക്കുളങ്ങരയിലുള്ള കെഎസ്ആര്‍ടിസി സ്റ്റാഫ് ട്രെയിനിങ് കോളജിലാകും തിയറി ക്ലാസുകള്‍ നടക്കുക.
ഡ്രൈവിങ് ഫീസും പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങള്‍ക്ക് 3,500 രൂപയാണ് ഫീസ്. കാറും ഇരുചക്രവാഹനങ്ങളും ഒരുമിച്ച് ഫഠിക്കുന്നതിനായി 11000 രൂപയാണ് പ്രത്യേക പാക്കേജ്. ഹെവി ഡ്രൈവിങ്, കാര്‍ ഡ്രൈവിങ് പഠിക്കാനും 9,000 രൂപയാണ് ഫീസ്. എന്നാൽ ഗിയർ ഉള്ളതിനും ഇല്ലാത്തതിനും ഒരു നിരക്കായിരിക്കും ഈടാക്കുക .