സൂപ്പര്‍ 8 പോരാട്ടങ്ങളില്‍ ഇന്ത്യന്‍ ടീമില്‍ അടിമുടി അഴിച്ചുപണികള്‍ പ്രതീക്ഷിക്കാം. നാലില്‍ നാല് മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായാണ് ഇന്ത്യ സൂപ്പര്‍ എയ്റ്റിലേക്ക് എത്തിയത്. എന്നാല്‍ ഗ്രൂപ്പ് ഘട്ടങ്ങളിലെ മത്സരങ്ങളില്‍ ഇന്ത്യയുടെ പ്രകടനം അത്ര മികവുറ്റതായിരുന്നില്ല. ബൗളര്‍മാര്‍ നിര്‍ണായക പ്രകടനം പുറത്തെടുത്ത് മിന്നിയെങ്കിലും ബാറ്റിങ് നിര പലപ്പോഴും ദുര്‍ബലമായി. അതുകൊണ്ട് തന്നെ സൂപ്പര്‍ എയ്റ്റിലേക്കെത്തുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയും.ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്‌ലിയെ മൂന്നാം നമ്പറില്‍ ഇറക്കിയേക്കുമെന്നാണ് സൂചന. ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണിങ്ങിനിറങ്ങിയ കോഹ്‌ലി ബാറ്റിങ്ങില്‍ പരാജയമായിരുന്നു. സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ വെസ്റ്റ് ഇന്‍ഡീസ് പിച്ചില്‍ കോഹ്‌ലിയെ മധ്യനിരയില്‍ ഇറക്കുന്നത് ഉചിതമാവുമെന്നാണ് കണക്കുകൂട്ടല്‍. കോഹ്‌ലി മൂന്നാം നമ്പറില്‍ ഇറങ്ങിയാല്‍ യശസ്വി ജയ്‌സ്‌വാളിനെ രോഹിത്തിനൊപ്പം ഓപ്പണിങ്ങിനിറക്കും.
ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പ് ജേതാവായ കോഹ്‌ലി ലോകകപ്പിലെത്തുമ്പോള്‍ നിരാശപ്പെടുത്തുകയാണ് ഇതുവരെ ചെയ്തിട്ടുള്ളത്. അയര്‍ലന്‍ഡിനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ കേവലം ഒരു റണ്‍ മാത്രമായിരുന്നു കോഹ്ലി സ്വന്തമാക്കിയത്. ശേഷം പാകിസ്ഥാനെതിരായ മത്സരത്തില്‍ 4 റണ്‍സിന് കോഹ്ലി കൂടാരം കയറുകയുണ്ടായി. ഇപ്പോള്‍ അമേരിക്കക്കെതിരെ ഗോള്‍ഡന്‍ ഡക്കായി ആണ് താരം മടങ്ങിയത്. ഇതിന് ശേഷം കോഹ്ലിയെ ഓപ്പണിങ് ഇറക്കുന്നതിനെ സംബന്ധിച്ച് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു.