ന്യൂയോർക്ക്: ട്വന്‍റി 20 ലോകകപ്പില്‍ ഹാട്രിക് വിജയത്തോടെ ഇന്ത്യ സൂപ്പർ എയ്റ്റില്‍. അമേരിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കിയതോടെയാണ് ഇന്ത്യ സൂപ്പർ എയ്റ്റിലേക്ക് യോഗ്യത നേടിയത്. അമേരിക്ക ഉയർത്തിയ 111 റണ്‍സ് വിജയലക്ഷ്യം 10 പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും ശേഷം സൂപ്പർ എയ്റ്റിലേക്ക് കടക്കുന്ന മൂന്നാമത്തെ ടീമാണ് ഇന്ത്യ.ആദ്യം ബാറ്റുചെയ്ത അമേരിക്കയ്ക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സാണ് നേടാനായത്. നാല് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങാണ് അമേരിക്കയുടെ നട്ടെല്ലൊടിച്ചത്. നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രമാണ് അര്‍ഷ്ദീപ് വിട്ടുകൊടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ടും അക്‌സര്‍ പട്ടേല്‍ ഒന്നും വീതം വിക്കറ്റുകള്‍ വീഴ്ത്തി.