കുവൈറ്റ് ലേബർ ക്യാമ്പിൽ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിൽ പൊതുദർശനത്തിന് പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരള സർക്കാർ അന്തിമോപചാരം അർപ്പിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനും മന്ത്രിമാരും ഒപ്പമുണ്ടായിരുന്നു. സംസ്ഥാന സർക്കാർ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു.വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങും അന്തിമോപചാരം അർപ്പിക്കാൻ വിമാനത്തവളത്തിലെത്തിയിരുന്നു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ പൊലീസ് അകമ്പടിയിൽ വീടുകളിലേക്ക് എത്തിക്കും. ഇതിനായി നോർക്കയുടെ ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്.23 മലയാളികളുടെ ഉൾപ്പെടെ 31 പേരുടെ മൃതദേഹമാണ് കൊച്ചിയിലെത്തിയത്. 14 മൃതദേഹങ്ങളുമായി വ്യോമസേന വിമാനം ഡൽഹിയിലേക്ക് തിരക്കും. 23 മലയാളികൾ, 7 തമിഴ്നാട് സ്വദേശികൾ, ഒരു കർണാടക സ്വദേശി എന്നിവരുടെ മൃതദേഹങ്ങളാണു കൊച്ചിയിൽ കൈമാറിയത്. ഓരോ ആംബുലൻസിനും പ്രത്യേകം അകമ്പടി വാഹനം ഒരുക്കിയിട്ടുണ്ട്.അരുൺ ബാബു (തിരുവനന്തപുരം), നിതിൻ കൂത്തൂർ (കണ്ണൂർ), തോമസ് ഉമ്മൻ (പത്തനംതിട്ട), മാത്യു തോമസ് (ആലപ്പുഴ), ആകാശ് എസ്. നായർ (പത്തനംതിട്ട), രഞ്ജിത് (കാസർകോട്), സജു വർഗീസ് (പത്തനംതിട്ട), കേളു പൊന്മലേരി (കാസർകോട്), സ്റ്റെഫിൻ ഏബ്രഹാം സാബു (കോട്ടയം), എം.പി. ബാഹുലേയൻ (മലപ്പുറം), കുപ്പന്റെ പുരയ്ക്കൽ നൂഹ് (മലപ്പുറം), ലൂക്കോസ്/സാബു (കൊല്ലം), സാജൻ ജോർജ് (കൊല്ലം), പി.വി. മുരളീധരൻ (പത്തനംതിട്ട), വിശ്വാസ് കൃഷ്ണൻ (കണ്ണൂർ), ഷമീർ ഉമറുദ്ദീൻ (കൊല്ലം), ശ്രീഹരി പ്രദീപ് (കോട്ടയം), ബിനോയ് തോമസ്, ശ്രീജേഷ് തങ്കപ്പൻ നായർ, സുമേഷ് പിള്ള സുന്ദരൻ, അനീഷ് കുമാർ ഉണ്ണൻകണ്ടി, സിബിൻ തേവരോത്ത് ഏബ്രഹാം, ഷിബു വർഗീസ് എന്നിവരാണ് മരിച്ച മലയാളികൾ.